തിരുവനന്തപുരം: വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ച ശേഷം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തുന്ന സംഘം ചെന്നൈയിൽ പിടിയിൽ. ചെന്നൈ സ്വദേശികളായ ബാലാജി.ബി (45),ഡാനിയേൽ ക്രിസ്റ്റഫർ (34),വിരുത്നഗർ സ്വദേശി സന്തോഷ് കുമാർ (28),വേൽമുരുകൻ (43) എന്നിവരാണ് പിടിയിലായത്. യു.കെയിലെ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ദീർഘകാലം പ്രവാസിയായിരുന്ന തിരുമല സ്വദേശിയിൽ നിന്ന് 31 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തട്ടിച്ച തുക പ്രതികളുടെ വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി ക്രിപ്റ്റോ കറൻസിയായി വിദേശത്ത് മാറ്റുന്നതാണ് ഇവരുടെ രീതി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് എസ്.എച്ച്.ഒ വിനോദ് കുമാർ. പി.ബി, എസ്.ഐ ബിജുലാൽ, സി.പി.ഒമാരായ അനിൽകുമാർ,വിജേഷ്. വി.യു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ 20 ദിവസം കൊണ്ട് പിടികൂടിയത്.
ബാങ്ക് ട്രാൻസാക്ഷനുകൾ പരിശോധിച്ചതിൽ ചെന്നൈ
കേന്ദ്രീകരിച്ചാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ബന്ധമുള്ള പ്രതികളിൽ നിന്ന് നിരവധി ഇലകട്രോണിക്ക് രേഖകളും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |