3 യുവാക്കൾ കുടുങ്ങിയത് ശബരി എക്സ‌്പ്രസിലെ യാത്രക്കാരന്റെ തലയ്ക്കടിച്ച കേസിൽ
കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് സഞ്ചരിച്ചയാളുടെ തലയ്ക്കടിച്ച് മൊബൈൽ ഫോൺ കവർന്ന യുവാക്കളെ എറണാകുളം നോർത്ത് ആർ.പി.എഫ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം (21), മുന്നാ മുസ്താക്ക് (32), അബ്ദുൾ ലെക്കിം (21)എന്നിവരാണ് കവർച്ച നടത്തി മണിക്കൂറുകൾക്കകം പിടിയിലായത്.
സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് പോയ ശബരി എക്സ്‌പ്രസിലെ യാത്രക്കാരനായ പത്തനംതിട്ട സ്വദേശിയുടെ ഫോണാണ് നാലംഗസംഘം കവർന്നത്. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകൾക്ക് ഇടയിൽ പുല്ലേപ്പടി ആർ.ഒ.ബിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്ത് ട്രെയിൻ വേഗത കുറച്ചു നീങ്ങുന്നതിനിടെ ശനിയാഴ്ച പകൽ 1.30നായിരുന്നു സംഭവം. ട്രാക്കിന് സമീപം മറഞ്ഞിരുന്ന മോഷ്ടാക്കൾ ട്രെയിൻ അടുത്തെത്തിയപ്പോൾ യാത്രക്കാരന്റെ തലയ്ക്ക് കൈകൊണ്ട് അടിക്കുകയും മറ്റൊരാൾ മൊബൈൽ തട്ടിയെടുക്കുകയും ചെയ്തു. യാത്രക്കാരൻ കോട്ടയം സ്റ്റേഷനിലെത്തിയപ്പോഴാണ് ആർ.പി.എഫിൽ അറിയിച്ചത്.
നോർത്ത് ആർ.പി.എഫ് ഇൻസ്പെക്ടർ വിനോദ് ജി. നായർ, അസിസ്റ്റന്റ് എസ്.ഐമാരായ പി. ശ്രീജിത്ത്, സുരേഷ് പി. എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പുല്ലേപ്പടി, കമ്മട്ടിപ്പാടം, സി.ബി.ഐ ഓഫീസ് പരിസരങ്ങളിലെ സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തട്ടിയെടുത്ത മൊബൈൽഫോണും കണ്ടെടുത്തു. നാലാമന് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഒളിവാസം നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ
2കൊല്ലം മുമ്പാണ് സംഘം എറണാകുളത്ത് എത്തിയത്. നിർമാണം നടക്കുന്ന കെട്ടിടങ്ങളിലാണ് ഒളിവാസം. പുല്ലേപ്പടി, കെ.എസ്.ആർ.ടി.സി ഭാഗത്ത് ട്രെയിനുകൾ വേഗത കുറയ്ക്കുമ്പോൾ യാത്രക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന സാധനങ്ങൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റഴിക്കും. ലഹരിസാധനങ്ങൾ വാങ്ങാനാണ് പണം വിനിയോഗിക്കുന്നത്. പ്രതികളെ എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. ഹെഡ് കോൺസ്റ്റബിൾമാരായ അജയഘോഷ്, മഹേഷ് ചാക്കോ, എഡിസൺ, ദീപു, രാജേഷ്, അൻസാർ എന്നിവരും അന്വേഷണ സംഘത്തിലുൾപ്പെടുന്നു. സമാന കവർച്ചാസംഭവങ്ങളും ആർ.പി.എഫ് പരിശോധിച്ച് വരികയാണ്.
യാത്രക്കാർ സൂക്ഷിക്കുക
ട്രെയിനുകളുടെ വാതിൽപ്പടിയിലിരുന്നുള്ള യാത്ര നിയമവിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും ആർ.പി.എഫ് അറിയിച്ചു. കഴിഞ്ഞയാഴ്ച ആലുവ സ്റ്റേഷന് സമീപം രാത്രി മലബാർ എക്സ്പ്രസിലെ യാത്രക്കാരനെ വടി കൊണ്ട് അടിച്ചു വീഴ്ത്തി പണവും മൊബൈലും കവർന്ന ആറംഗ സംഘത്തെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |