തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ, അദ്ധ്യാപകൻ) ഭാര്യയും ചെന്നിത്തല മുൻ പഞ്ചായത്തംഗവുമാണ്. സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് ചെന്നിത്തല കുടുംബ വീട്ടുവളപ്പിൽ.
മറ്റു മക്കൾ: കെ. ആർ. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ), കെ.ആർ. വിജയലക്ഷ്മി (റിട്ട. അദ്ധ്യാപിക), കെ.ആർ. പ്രസാദ് (റിട്ട: ഇന്ത്യൻ എയർഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡെവലപ്‌മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡിഷണൽ രജിസ്ട്രാർ, കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ് ), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്രു കേന്ദ്ര ), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി).
മുഖ്യമന്ത്രി പിണറായിവിജയൻ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, മുൻ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി എന്നിവർ രമേശ് ചെന്നിത്തലയെ അനുശോചനമറിയിച്ചു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5.30 നായിരുന്നു അന്ത്യം. പാൽക്കുളങ്ങര ടി.ആർ. സുകുമാരൻ നായർ റോഡിലുള്ള മകൾ വിജയലക്ഷ്മിയുടെ വീട്ടിൽ പൊതു ദർശനത്തിനു വച്ച മൃതദേഹം 11.30 ഓടെ ചെന്നിത്തലയിലേക്ക് കൊണ്ടുപോയി. മന്ത്രി വി.ശിവൻകുട്ടി, എ.കെ.ആന്റണി, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസൻ, എൻ.ശക്തൻ, വി.എസ്.ശിവകുമാർ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, എം.എ. വാഹീദ്, എ.ടി. ജോർജ്, എം.വിൻസെന്റ്, പീതാംബരക്കുറുപ്പ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |