തിരുവനന്തപുരം: ഭൂമി രജിസ്ട്രേഷൻ ദിവസം പോക്കുവരവും ചെയ്യാം. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി അന്തിമ വിജ്ഞാപനമായ (13 നോട്ടിഫിക്കേഷൻ) മൂന്ന് വില്ലേജുകളിൽ അടുത്തമാസം നടപ്പാക്കും. 'എന്റെ ഭൂമി പോർട്ടൽ" വഴിയാണ് സംവിധാനമൊരുക്കുന്നത്.
കാസർകോട് ജില്ലയിലെ ഉജാർഉൾവാർ, കോട്ടയം വൈക്കത്തെ ഉദയനാപുരം, കൊല്ലത്തെ മങ്ങാട് വില്ലേജുകളിലാണ് പ്രാബല്യത്തിൽ വരുന്നത്. ഉജാർഉൾവാളിലെ പരീക്ഷണം വിജയമായതോടെയാണ് ഉടൻ നടപ്പാക്കാൻ തീരുമാനിച്ചത്.
ആധാരങ്ങളുടെ മാതൃകകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആധാരമെഴുത്തുകാർ മുഖേനയായിരിക്കും രജിസ്‌ട്രേഷൻ നടപടികൾ. ഇതോടെ രജിസ്‌ട്രേഷൻ, റവന്യു വകുപ്പുകൾ സംയുക്തമായി ഒരു പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം.
സംസ്ഥാനത്ത് 1,666 വില്ലേജുകളുണ്ട്. 330 വില്ലേജുകളിൽ സർവേ പൂർത്തിയാക്കി. ബാക്കിസ്ഥലങ്ങളിൽ ഡിജിറ്റൽ റീസർവേ വിവിധ ഘട്ടങ്ങളിലാണ്. അന്തിമ വിജ്ഞാപനമാകുന്ന മുറയ്ക്ക് അവിടങ്ങളിലും നടപ്പാക്കും. രജിസ്ട്രേഷനുശേഷം പോക്കുവരവിനായി വില്ലേജ്, താലൂക്ക് ഓഫീസുകൾ പലവട്ടം കയറിയിറങ്ങേണ്ട ദുരിതത്തിനാണ് അറുതിയാവുന്നത്. കൈമടക്ക് നൽകിയാലേ കാര്യം പെട്ടെന്ന് സാധിക്കൂവെന്ന പരാതിയും വ്യാപകമാണ്.
ഡിജിറ്റൽ നടപടി അതിവേഗം
റവന്യു വകുപ്പ് പോർട്ടലായ റെലിസും രജിസ്‌ട്രേഷൻ വകുപ്പിന്റെ പേളും സംയോജിപ്പിച്ച് തയ്യാറാക്കിയതാണ് എന്റെ ഭൂമി ആധാരങ്ങളുടെ പുറത്ത് കക്ഷികളുടെയും സാക്ഷികളുടെയും സമ്മതം രേഖപ്പെടുത്തി (ഡിജിറ്റൽ എൻഡോഴ്സ്‌മെന്റ്) രജിസ്റ്റർ ചെയ്യുന്നതാണ് ആദ്യഘട്ടം. വസ്തു ഇടപാട് നടത്തുന്ന കക്ഷിയുടെയും സാക്ഷികളുടെയും വിവരങ്ങൾ, ആധാരം രജിസ്റ്റർ ചെയ്യുന്ന ദിവസം, രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയ കാര്യങ്ങളും എൻഡോഴ്സ്‌മെന്റിൽ ഉൾപ്പെടുത്തും. വിരലടയാളവും ഒപ്പും ചിത്രങ്ങളും ഇതിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് അയയ്ക്കും. വസ്തു വിൽക്കുന്ന വ്യക്തിയുടെ തണ്ടപ്പേരിൽ സ്ഥലം കുറവു ചെയ്യും. അത് വാങ്ങുന്ന ആളിന്റെ തണ്ടപ്പേരിൽ ചേർക്കും. രജിസ്ട്രേഷൻ ദിവസം തന്നെ പ്രോസസ് മുഴുവൻ നടക്കുന്നതോടെ പോക്കുവരവും പൂർത്തിയാവും.
രണ്ടു വർഷത്തിനകം
സർവേ പൂർത്തിയാവും
2022 നവംബർ ഒന്നിന് തുടങ്ങിയ ഡിജിറ്റൽ റീസർവെ നാല് ഘട്ടമായി രണ്ടുവർഷത്തിനകം തീർക്കും
330 വില്ലേജുകളിൽ സർവേ പൂർത്തിയാക്കി ആദ്യഘട്ട വിജ്ഞാപനം 9(2) ഇറക്കി
പരാതിയുണ്ടെങ്കിൽ സർവേ അസി. ഡയറക്ടർക്ക് ഓൺലൈനായി നൽകാം
അതുകൂടി പരിഹരിച്ചാവും അന്തിമ വിജ്ഞാപനം. ഭൂമിയുടെ അംഗീകൃത രേഖ ഇതാവും
ഡിജിറ്റൽ റീസർവേ
തുടരുന്നത്
1,550 വില്ലേജുകളിൽ
സർവേ നടത്തിയത്
7.86 ലക്ഷം ഹെക്ടറിൽ
വില്ലേജ് ഓഫീസുകൾ
1,666
സബ് രജിസ്ട്രാർ
ഓഫീസുകൾ
315
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |