പമ്പ:സെപ്തംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ വിവിധരാജ്യങ്ങളിൽ നിന്നായി 3000 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പമ്പയിൽ അയ്യപ്പ സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഗമത്തിൽ പങ്കെടുക്കും. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പഭക്തരെ കേൾക്കാനുള്ള അവസരമാണിത്. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രധാന സ്വാഗതസംഘം ഓഫീസ് തുറക്കും. പമ്പ,പെരുനാട്,സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുണ്ടാകും. ശബരിമലയുടെ വികസനത്തിനായി 1300 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ശബരിമല വിമാനത്താവളം,റെയിൽപാത എന്നിവയ്ക്കുള്ള പ്രവർത്തനം പരോഗമിക്കുന്നു. 2028ൽ വിമാനത്താവളം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹം,പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ,റവന്യു ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം,റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ,ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ,അഡ്വ.പി.ഡി.സന്തോഷ് കുമാർ,ഡി.ഐ.ജി അജിതാ ബീഗം,പത്തനംതിട്ട,ആലപ്പുഴ ജില്ലാ പൊലിസ് മേധാവികളായ ആർ.ആനന്ദ്,എം.പി.മോഹനചന്ദ്രൻ,ദേവസ്വം കമ്മീഷണർ ബി.സുനിൽ കുമാർ,എം സംഗീത് കുമാർ,സുരേഷ് പരമേശ്വരൻ,കെ.കെ സനൽ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |