ചെന്നൈ: തമിഴ്നാട്ടിൽ ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ. പെരിയസാമിയുടെയും മകനും ഡി.എം.കെ എം.എൽ.എയുമായ സെന്തിൽകുമാറിന്റെയും വീടുകളിലും സ്ഥാപങ്ങളിലും റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചെന്നൈ,ഡിണ്ടിഗൽ എന്നിവിടങ്ങളിലെ എട്ടിടങ്ങളിലാണ് ഇന്ന് രാവിലെ ഏഴരമുതൽ പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പ്രകാരമായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ എന്തെങ്കിലും രേഖകൾ കണ്ടെടുത്തോ എന്ന് വ്യക്തമല്ല. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം ഡി.എം.കെ ഉന്നയിക്കുമ്പോഴാണ് മറ്റൊരു മന്ത്രിയെ കൂടി ലക്ഷ്യമിട്ട് ഏജൻസി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം,കഴിഞ്ഞ ഏപ്രിലിൽ അഴിമതിക്കേസിൽ പെരിയസാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടിരുന്നു. 2008ൽ ഭവന വകുപ്പു മന്ത്രിയായിരിക്കെ, അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധിയുടെ അംഗരക്ഷകൻ ഹൗസിംഗ് ബോർഡിന്റെ വീട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2012ൽ അണ്ണാ ഡി.എം.കെ ഭരണകാലത്തു രജിസ്റ്റർ ചെയ്ത കേസ് വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |