കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് മാറിനിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വന്നതിനാൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. നല്ലതിനു വേണ്ടിയുളള മാറ്റങ്ങൾ നമ്മൾ എപ്പോഴും അംഗീകരിക്കണമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
'കഴിഞ്ഞ കമ്മിറ്റിയിലെ പ്രശ്നങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലും കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്. അമ്മയിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ല. സംഘടന അതിന്റെ അംഗങ്ങൾക്കായി വളരെ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുകൊണ്ടോ വിഷമങ്ങൾ കൊണ്ടോ മാറിനിന്നവരുണ്ടാകും. അവരെ തിരിച്ചുകൊണ്ടുവരണം. ഇത്തവണത്തെ കമ്മിറ്റിയിലെ പ്രസിഡന്റും മറ്റ് അംഗങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്ക് അമ്മ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു'- ആസിഫ് അലി പ്രതികരിച്ചു.
കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു അമ്മയിൽ തിരഞ്ഞെടുപ്പ് നടന്നത്. ശ്വേതാ മേനോനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇത് ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. 27 വോട്ടിനാണ് ശ്വേതാ മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയെയാണ് തിരഞ്ഞെടുത്തത്. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
അതേസമയം, അമ്മയിലെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ചില പ്രമുഖ താരങ്ങൾ എത്താതിരുന്നതും ചർച്ചയായിരുന്നു. ആസിഫലിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചെന്നൈയിലായതിനാൽ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താൻ എത്താൻ കഴിയില്ലെന്ന വിവരം നേരത്തെ വന്നിരുന്നു. മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ജയറാം, ഇന്ദ്രജിത്ത്, ഉർവശി എന്നിവരാണ് വോട്ട് ചെയ്യാനെത്താത്ത പ്രമുഖ താരങ്ങൾ.
ആകെ 504 അംഗങ്ങളാണ് അമ്മയിലുളളത്. ഇത്തവണ പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |