കോട്ടയം: ഇറച്ചിക്കോഴി കർഷകർ ഫാമിന് വ്യവസായ, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകളുടെ അനുമതി തേടണമെന്ന ലക്ഷനിബന്ധന കർശനമാക്കിയതോടെ പലരും അന്യസംസ്ഥാനങ്ങളിലേക്ക് ചുവടുറപ്പിക്കുന്നു. പുതിയതായി ഷെഡ് പണിയണമെങ്കിൽ സ്ക്വയർ മീറ്ററിന് 100 രൂപ ഫീസ് അടക്കണം. ലൈസൻസ് ഇല്ലാതെ കോഴി ഫാം നടത്തുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ 200 രൂപയാണ് പിഴ. കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ല. കൂട്ടത്തോടെ ചത്താൽ നഷ്ടം സഹിക്കണം.
ഇൻഷ്വറൻസ് ലഭിക്കാത്തതിനാൽ ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകളോ ഇതര ധനകാര്യ സ്ഥാപനങ്ങളോ തയ്യാറല്ല. ഇത്തരം സാഹചര്യത്തിലാണ് പലരും കേരളത്തിലെ കോഴി കൃഷി അവസാനിപ്പിക്കുന്നത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കോഴികർഷകരെ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളാണുള്ളത്. കൃഷി വകുപ്പിന്റെ കീഴിലാണ് ഇവിടെ കോഴി ഫാമുകൾ പ്രവർത്തിക്കുന്നത്. ഇതുമൂലം ലൈസൻസിലെ നൂലാമാലകൾ ഇല്ല. കുറഞ്ഞ പലിശയ്ക്ക് വായ്പയും ലഭിക്കും.
തമിഴ്നാട്ടിൽ ഉത്പാദനം കൂടി, ഇവിടെ വിലിയിടിഞ്ഞു
കിലോയ്ക്ക് 160-170 രൂപ വരെ വരെ ഉയർന്ന ഇറച്ചിക്കോഴിവില 100-110 ലേക്ക് താഴ്ന്നതും തിരിച്ചടിയായി. ട്രോളിംഗ് കാലയളവിൽ പോലും വിലയിടിഞ്ഞു. തമിഴ് നാട്ടിൽ ഉത്പാദനം കൂടിയതാണ് കാരണമായി പറയുന്നത്. കോഴി തീറ്റ വില വർദ്ധനവ് അടക്കം പരിപാലന ചെലവ് കൂടിചൂടുകാലത്ത് കോഴികൾ ചത്തൊടുങ്ങുന്നത് പതിവായി. രോഗം വരാതിരിക്കാൻ കുത്തിവയ്പ്പ് എടുക്കണം. ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നതിനാൽ മുന്നോട്ടുപോകാനാകില്ലെന്നാണ് കർഷകർ പറയുന്നത്.
''കേരളത്തിൽ കോഴിവളർത്തൽ മേഖല കൃഷി വകുപ്പിന്റെ കീഴിൽ മാത്രമാക്കണം. കടുത്ത നിബന്ധനകൾ ഒഴിവാക്കണം. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോഴി ഫാമുകൾ മുഴുവൻ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ കർഷകർ നിർബന്ധിതരാകും.
-എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |