ജോലി വാഗ്ദാനം ചെയ്തുള്ള പല തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. 'കസ്റ്റമർ സർവീസ് റപ്രസന്റേറ്റീവ്' എന്നാണ് പോസ്റ്റിന്റെ പേര്. പേരൊക്കെ കേൾക്കുമ്പോൾ വമ്പൻ ശമ്പളമായിരിക്കും ലഭിക്കുകയെന്നായിരിക്കും കരുതുക. എന്നാൽ എല്ലാം പ്രതീക്ഷപോലെ നടക്കണമെന്നില്ല.
ശമ്പളവും ജോലി സമയവും അടക്കമുള്ള കാര്യങ്ങൾ ഈ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്. ദിവസം 10 മണിക്കൂർ ജോലി ചെയ്യണം. രാവിലെ ഒമ്പതര മുതൽ വൈകിട്ട് ഏഴരവരെ. ആഴ്ചയിൽ ആറ് ദിവസം വർക്കിംഗ് ഡേ ആണ്. ആറ് മാസം മുതൽ മൂന്ന് വർഷം വരെ എക്സ്പീരിയൻസുള്ളവരെ മാത്രമേ കമ്പനിക്ക് ആവശ്യമുള്ളൂ. ഇംഗ്ലീഷും ഹിന്ദിയും നിർബന്ധമായും അറിഞ്ഞിരിക്കണം. ഒരുപാട് യോഗ്യതകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ശമ്പളം വളരെ തുച്ഛമാണ്.
പ്രതിവർഷം രണ്ടര ലക്ഷം രൂപ, അതായത് മാസം 20,000 രൂപ കൈയിൽ കിട്ടും. ഇത്രയും യോഗ്യതകൾ ആവശ്യപ്പെടുന്ന ജോലിക്ക് വളരെ തുച്ഛമായ ശമ്പളമാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. 'ചൂഷണം അതിന്റെ ഉച്ചസ്ഥായിയിൽ! മൂന്ന് വർഷത്തെ എക്സ്പീരിയൻസും രണ്ടര ലക്ഷം വാർഷിക ശമ്പളവും'- എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ പരസ്യം റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഇത് ഏതെങ്കിലും ഒരു കമ്പനിയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും മിക്കയിടങ്ങളിലും ഇതൊക്കെയാണ് അവസ്ഥയെന്നുമാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. വളരെ ദയനീയമാണ് അവസ്ഥയെന്നും ഓട്ടോറിക്ഷ ഓടിക്കാൻ പോയാൽ ഇതിലും കൂടുതൽ ലഭിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |