തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിനു മുകളിൽ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡീഷ തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് നാളെ രാവിലെയോടെ വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡീഷ തീരത്ത് എത്തിച്ചേരാൻ സാദ്ധ്യത. അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇക്കാരണങ്ങളാലാണ് കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്നതെന്നാണ് അറിയിപ്പ്.
മഴ ശക്തിപ്രാപിക്കുന്നത് കണക്കിലെടുത്ത് ഇന്നും നാളെയും മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ജാഗ്രതാ മുന്നറിയിപ്പുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
18/08/2025: വയനാട്, കണ്ണൂർ, കാസറഗോഡ്
19/08/2025: വയനാട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട്
18/08/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
19/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
20/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |