തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ 'വാനരന്മാർ' എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സുരേഷ് ഗോപി തന്റെ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
'വോട്ടർപ്പട്ടിക വിവാദത്തിൽ മറുപടി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഞാൻ മന്ത്രിയാണ്. ഇവിടെ കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാൻ പറയൂ. അക്കരെയായാലും ഇക്കരെയായാലും'- എന്നായിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ ശിവൻകുട്ടി രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ 'വാനരന്മാർ' എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണ്. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ ആവശ്യമാണ്. അത്തരം പരാതികൾ നൽകുന്നവരെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഇല്ലാതാക്കും.
സുരേഷ് ഗോപി തന്റെ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽപോലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |