കൊച്ചി: നാലു വർഷമായി വാട്സ്ആപ്പിൽ കറങ്ങി നടക്കുന്ന കത്താണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളതെന്നും അതിലെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ലെന്നും മന്ത്രി എം.ബി. രാജേഷ്. സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്ക് വ്യവസായി നൽകിയ കത്തിൽ എം.ബി. രാജേഷിനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും തോന്ന്യാസം വിളിച്ച് പറയുന്നത് ആഘോഷിക്കുന്നത് പരിതാപകരമാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തും മറ്റും ഇനിയും വരും. അതേസമയം, രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എം.ബി. രാജേഷ് തയ്യാറായില്ല.
മറുപടി പറയാത്തത് സി.പി.എം
തന്ത്രം: വി.ഡി. സതീശൻ
തൊടുപുഴ: കത്ത് വിവാദത്തിൽ നിന്ന് ഒഴിഞ്ഞ് മാറാതെ സി.പി.എം നേതൃത്വം മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവാദങ്ങളുണ്ടാകുമ്പോൾ മറുപടി നൽകാതെ ഒഴിഞ്ഞ് മാറുന്നത് സ്ഥിരം തന്ത്രമാണ്. പരാതിക്കാരനായ മുഹമ്മദ് ഷർഷാദ് പാർട്ടി നേതാക്കൾക്ക് സുപരിചിതനാണ്. വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുന്ന നേതാക്കൾക്കൊപ്പം പരാതിക്കാരനും സ്ഥിരം യാത്രികനാണ്. പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലടക്കം ഇരിക്കുന്ന പരാതിയിൽ സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയാതിരിക്കാനാവില്ല. പരാതിക്കാരൻ കത്ത് കോടതിയിലും കൊടുത്തു കഴിഞ്ഞു. പരാതി നൽകിയത് വലിയ തുകയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ്. ഹവാലയും സാമ്പത്തിക തട്ടിപ്പുമാണ് ഇതിൽ വരുന്നത്. മുമ്പ് ഉന്നതസ്ഥാനങ്ങളിൽ ഇരുന്നവരും നിലവിൽ സ്ഥാനമാനങ്ങൾ വഹിക്കുന്നവരുമാണ് ആരോപണ വിധേയർ.
കമ്മിഷൻ സർക്കാർ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചെന്നൈ വ്യവസായി സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലെ വസ്തുതകൾ പുറത്തു വന്നതോടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് താൻ പുറത്തു കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു. കമ്മിഷൻ സർക്കാരാണെന്നു തെളിഞ്ഞിരിക്കുകയാണ്. സി.പി.എമ്മിന്റെ നേതാക്കളും മന്ത്രിമാരും കുടുംബാംഗങ്ങളും ചേർന്ന് കേരളത്തെ കൊള്ളയടിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ, മകൻ ശ്യാംജിത്ത്, തോമസ് ഐസക്ക്, എം.ബി.രാജേഷ്, ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളാണ് വന്നിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനം, കിഫ്ബി മസാല ബോണ്ട് എന്നിവയിലെ കള്ളക്കളികളും ബിനാമി ഇടപാടുകളും ഈ കത്തുകളിലും വ്യക്തമാണ്.
കേന്ദ്ര ഏജൻസി അന്വേഷിക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളിലെ മന്ത്രിമാരുടെ വഴിവിട്ട ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ സൂചിപ്പിക്കുന്ന കത്തിലെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പണമിടപാടുകൾ നടന്നു എന്ന ആരോപണത്തിൽ നിന്ന് സി.പി.എം നേതൃത്വത്തിന് ഒളിച്ചോടാനാവില്ല. ആരോപണത്തിൽ വസ്തുത വെളിപ്പെടുത്തേണ്ടത് ജനാധിപത്യ മര്യാദയാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |