ചാലക്കുടി: ഇന്നലെ മഴ വിട്ടുനിന്നത് ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്ക ഭീഷണിക്ക് ചെറിയ ആശ്വാസമായെങ്കിലും പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഡാമുകളുടെ അവസ്ഥ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച മാറിനിന്ന മഴ ഞായറാഴ്ച വീണ്ടും പെയ്തിരുന്നു. ഏത് സമയത്തും നിറയാമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് എമർജൻസി ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഷോളയാറിലാകട്ടെ മൂന്ന് സ്പിൽവെ ഷട്ടറുകളും ഇതുവരെ അടച്ചിട്ടില്ല.
പറമ്പിക്കുളം ഡാമിൽ നിന്നും പൊരിങ്ങൽക്കുത്തിലേയ്ക്ക് വിടുന്ന വെള്ളത്തിന്റെ അളവ് തിങ്കളാഴ്ച 2400 ഘന അടിയാക്കി കുറച്ചിട്ടുണ്ട്. ഇത് ഞായറാഴ്ച ആറായിരം ഘന അടിയായിരുന്നു. തമിഴ്‌നാട്ടിലെ അപ്പർ ഷോളയാർ ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളം ഏഴായിരം ഘനമീറ്റർ ആയിരുന്നുവെങ്കിലും ഇപ്പോൾ അത് രണ്ടായിരമാക്കി കുറച്ചു. വേലിയേറ്റം ഇല്ലാത്തതും ചാലക്കുടിപ്പുഴയിലെ കണക്കൻകടവ് ബണ്ടിലെ ഷട്ടറുകൾ പതിനൊന്നും തുറന്നിട്ടിരിക്കുന്നതും വെള്ളത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നു.
കനത്തമഴയിൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 5.96 മീറ്റർ വരെ എത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച മഴയില്ലാത്തതിനാൽ അളവ് 5.30 മീറ്ററിലേയ്ക്ക് താഴ്ന്നിരുന്നു.
വെള്ളപ്പൊക്കം തടഞ്ഞത് കണക്കൻകടവ് ബണ്ട്
പെരിയാറും ചാലക്കുടിപ്പുഴയുമായി ചേരുന്ന എളന്തിക്കരയുടെ മുകളിലാണ് കണക്കൻകടവ് ബണ്ട്. കായലിൽ നിന്നുള്ള ഉപ്പുവെള്ളം വേനലിൽ പുഴയിലേയ്ക്ക് കയറുന്നത് തടയുകയാണ് ചാലക്കുടിയിൽ നിന്ന് ഇരുപത് കിലോ മീറ്റർ താഴയുള്ള ബണ്ടിന്റെ ലക്ഷ്യം. വർഷക്കാലത്ത് പുഴയിൽ വെള്ളം കൂടുന്നതിന് അനുസരിച്ചായിരിക്കും ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. എന്നാൽ പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വെള്ളം കൂടുതൽ എത്തുന്നത് അടിയന്തിര ഘട്ടങ്ങളിൽ കണക്കൻകടവ് ബണ്ട് റഗുലേറ്റർ സമിതി അറിയാറില്ല. ഇതിനായി ഔദ്യോഗിക സംവിധാനവുമില്ല. കഴിഞ്ഞ ആഗസ്റ്റ് 15ന് ഡാമിൽ നിന്ന് അധികം വെള്ളം എത്തുന്ന വിവരം ചാലക്കുടിപ്പുഴ റിവർ പ്രൊട്ടക്ഷൻ ഫോറത്തിൽ നിന്നാണ് ഇവർ അറിയുന്നത്. തുടർന്ന് 11 ഷട്ടറുകൾ തുറന്നിരുന്നു. അല്ലാത്തപക്ഷം പാടശേഖരങ്ങളിൽ ഉൾപ്പടെ വെള്ളം കയറുമായിരുന്നു. പുത്തൻവേലിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന കണക്കൻകടവ് ബണ്ടിൽ ജലനിയന്ത്രണ സംവിധാനവുമായി തൃശൂർ ജില്ലയിലെ ജല അതോറിറ്റിക്ക് ബന്ധമില്ലാത്തത് പലപ്പോഴും ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നതായി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |