കൊച്ചി/കണ്ണൂർ: മാനഭംഗക്കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ഇന്നും നാളെയും കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് തെളിവെടുക്കും. ജീവനക്കാരോട് തെളിവെടുപ്പിനായി ഹാജരാകാൻ
നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതി അംഗങ്ങൾ.
ജയിൽചാട്ടത്തിന് വഴിവച്ച സാഹചര്യവും അകത്തു നിന്ന് സഹായം ലഭിച്ചെന്ന ആരോപണവും പരിശോധിക്കും. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനായി വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളും ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിലുകളും ജില്ലാ ജയിലുകളും സമിതി പരിശോധിക്കും. അന്വേഷണത്തിന് പൊതുസ്വഭാവമായതിനാൽ ഗോവിന്ദാച്ചാമിയുടെ മൊഴിയെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
അടുക്കളപ്പണിയും പറമ്പുപണിയും നടത്തുന്നത് തടവുകാരായതിനാൽ ആയുധങ്ങൾ തരപ്പെടുത്താൻ എളുപ്പമുണ്ട്. ഇതിന് നിയന്ത്രണം കൊണ്ടുവരാൻ ശുപാർശ ചെയ്യാനിടയുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അതിനാൽ വീഴ്ച വരുത്തിയവർക്കെതിരെ വ്യക്തിപരമായ ശിക്ഷാ ശുപാർശകൾ സമിതി റിപ്പോർട്ടിൽ ഉണ്ടാകില്ല. മൂന്നു മാസമാണ് സമിതിക്ക് അനുവദിച്ചിരിക്കുന്നത്.
''തെക്കൻ കേരളത്തിൽ ഒരു സെൻട്രൽ ജയിൽ നിർമ്മിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച ശുപാർശകളും റിപ്പോർട്ടിലുണ്ടാകും
- ജസ്റ്റിസ് സി.എൻ. രാമചന്ദൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |