വള്ളിക്കോട് : ഓണത്തിന് മധുരം വിളമ്പാൻ വള്ളിക്കോട് ശർക്കര ഉല്പാദനം തുടങ്ങി. ഇത്തവണ പന്ത്രണ്ട് ടൺ ശർക്കരയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് ഓണക്കാലത്തും മികച്ച വിൽപനയായിരുന്നു ജനപ്രിയ ബ്രാൻഡായി മാറിയ വള്ളിക്കോട് ശർക്കരയ്ക്ക്. രണ്ടുപതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കരിമ്പ് കൃഷിയും ശർക്കര ഉല്പാദനവും വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റയും കൃഷി ഭവന്റെയും പിൻതുണയോടെയാണ് 2023 ൽ വീണ്ടും സജീവമായത്. അന്ന് കോന്നി കരിയാട്ടമായിരുന്നു പ്രധാന വിപണന കേന്ദ്രം. ചുരുങ്ങിയ സമയംകൊണ്ട് സർക്കാരിന്റെ മേളകളിലെല്ലാം വള്ളിക്കോട് ശർക്കര ഇടംപിടിച്ചു. ഇപ്പോൾ വള്ളിക്കോട് ശർക്കരയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
പ്രതാപം വീണ്ടെടുത്ത് കർഷകർ
ഒരുകാലത്ത് 12 ശർക്കര ചക്കുകളാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കൃഷിയിൽ നിന്ന് മിക്കവരും പിൻവാങ്ങി. നല്ല വരുമാനം ഉറപ്പായതോടെ ഇപ്പോൾ കൂടുതൽ കർഷകർ കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് പത്ത് ടൺ ശർക്കരയാണ് വിറ്റത്. ഇത്തവണ പന്ത്രണ്ടായിരത്തിൽ അധികം കിലോയാണ് ലക്ഷ്യമിടുന്നത്. പന്തളം കൃഷി ഫാമിൽ നിന്നും മറയൂർ കരിമ്പ് ഉത്പാദക സംഘത്തിൽ നിന്നും എത്തിക്കുന്ന മുന്തിയ ഇനം കരിമ്പുകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
2023 ൽ വിറ്റഴിച്ചത് : 6 ടൺ,
2024 ൽ വിറ്റഴിച്ചത് : 10 ടൺ.
ഇത്തവണ ലക്ഷ്യമിടുന്നത് : 12 ടൺ.
കൃഷി ഇറക്കിയിരിക്കുന്നത് : 30 ഹെക്ടർ സ്ഥലത്ത്.
കഴിഞ്ഞ തവണത്തെ വരുമാനം : 17 ലക്ഷം രൂപ.
കൃഷിയുള്ളത് : മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്കൻ ഭാഗങ്ങളിൽ
കൃഷിയും വിപണനവും : കരിമ്പ് ഉല്പാദക സഹകരണ സംഘം വഴി.
വിപണന സാദ്ധ്യതയും വരുമാനവും ഉറപ്പായതോടെ യുവാക്കൾ ഉൾപ്പടെ നിരവധി ആളുകൾ കരിമ്പ് കൃഷിയിലേക്ക് വരുന്നുണ്ട്. കരിമ്പ് കൃഷി പ്രോത്സാഹനത്തിന് ധനസഹായവും പലിശ രഹിത വായ്പയും നൽകുന്നു.
ആർ.മോഹനൻ നായർ
(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |