കോഴിക്കോട്: ഓണത്തിന് കുടുംബവുമൊത്ത് യാത്ര പോയാലോ.. ചുരുങ്ങിയ ചെലവിൽ യാത്ര പാക്കേജുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുങ്ങിക്കഴിഞ്ഞു. പുത്തൻ സ്ഥലങ്ങളിൽ കുറഞ്ഞ നിരക്കിൽ കുടുംബത്തിനുമൊപ്പം പോകാൻ സൗകര്യപ്രദമായ 16 യാത്ര പാക്കേജുകളാണ് ഇത്തവണയുള്ളത്. ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ നിന്ന് രണ്ട് മുതൽ 28 വരെയുള്ള ഓണം സ്പെഷ്യൽ യാത്രകളുടെ ബുക്കിംഗ് ആരംഭിച്ചു. കാസർകോട്ടെ പൊലിയം തുരുത്ത്, ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽകുന്ന്- വാഗമൺ, മെെസൂർ പാക്കേജുകൾ എന്നിവ മുഖ്യ ആകർഷണമാണ്. രണ്ട് ദിവസത്തെ റിസോർട്ട് സ്റ്റേ പാക്കേജും ഇത്തവണത്തെ പുതുമയാണ്. ഒന്ന്, രണ്ട് , എന്നിങ്ങനെയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും താമസവും ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് അവസരം.
യാത്രകൾ ഇവിടേക്ക്
പെെതൽമല, നിലമ്പൂർ, ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽകുന്ന്- വാഗമൺ, മെെസൂർ, പോലിയം തുരുത്ത്, മൂന്നാർ-ആതിരപ്പള്ളി, ഗവി, നെല്ലിയാമ്പതി, വയനാട്, പഞ്ചപാണ്ടവ ക്ഷേത്രം, മലക്കപ്പാറ, നെഫർറ്റിറ്റി-ക്രൂയ്സ് ബോട്ട് യാത്ര , സെെലന്റ് വാലി, പാലക്കാട് ഓക്സി വാലി റിസോർട്ട്, മൂകാമ്പിക.
സൂര്യകാന്തിപ്പാടം കാണാം
വയനാടൻ അതിർത്തിയിലെ കർണാടക ഗ്രാമമായ ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടം കാണാനും കെ.എസ്.ആർ.ടി.സി പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ദിവസവും രാവിലെ 5 മണിയ്ക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് പുറപ്പെട്ട് രാത്രി 9.30 തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ളാൻ ചെയ്തിരുക്കുന്നത്. ഗുണ്ടൽപേട്ട്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം എന്നിവ സന്ദർശിക്കും. ഒരാൾക്ക് 775 രൂപയാണ് ചാർജ്.
കൂടുതൽ സർവീസുകളും
ഓണത്തിന് ബംഗളൂരു, മൈസൂരു, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം പതിനെട്ടോളം പ്രത്യേക സർവീസുകളും കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബംഗളൂരു മൈസൂരു റൂട്ടിൽ ആറ് സർവീസുകളാണ് നടത്തുന്നത്.
യാത്രകൾ ബുക്ക് ചെയ്യാം
99460668832, 9544477954,9188933809
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |