തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനു സമീപം പ്രവർത്തിക്കുന്ന ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. കഫറ്റീരിയിൽ നിന്നും നാലുലക്ഷം രൂപയാണ് കവർന്നത്. ട്രഷറിയിൽ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്ഥലത്ത് സി.സി ടിവി ക്യാമറ പ്രവർത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല.
ഞായറാഴ്ച രാത്രി മോഷണം നടന്നതായാണ് നിഗമനം. മൂന്നുദിവസത്തെ വരുമാനമാണ് നഷ്ടമായത്.
20ഓളം തടവുകാരും 15ഓളം താത്കാലിക ജീവനക്കാരുമാണ് ടേൺ വ്യവസ്ഥയിൽ കഫറ്റീരിയയിൽ ജോലി ചെയ്യുന്നത്. ഭക്ഷണശാലയ്ക്ക് പിറകിലുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കുകയും മുറിതുറന്ന് മേശയിലും അലമാരയിലുമുണ്ടായിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
താക്കോലും പണവും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവെന്നാണ് പൊലീസിന്റെ നിഗമനം. ശാസ്ത്രീയ തെളിവുകളും മോഷണസ്ഥലത്തെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു. ലഭിച്ച വിരലടയാളങ്ങൾ വിശദമായി പരിശോധിക്കും. ജയിൽ വകുപ്പിന്റെ അനുവാദത്തോടെ ജീവനക്കാരെയും അവിടെ ജോലി ചെയ്‌ത തടവുകാരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
പൊലീസ് നായയെ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി.
ക്യാമറ നിശ്ചലമായിട്ട്
നാളുകളേറെ
കഫറ്റീരിയയുടെയും പരിസരത്തെയും ക്യാമറ നിശ്ചലമായിട്ട് നാളുകളേറെയായി. ജയിൽ അധികൃതർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ജയിൽ അന്തേവാസികൾ ജോലിചെയ്യുന്ന സ്ഥലത്ത് ക്യാമറ കേടായത് ഗുരുതര സുരക്ഷാവീഴ്ചയാണ്. സെൻട്രൽ ജയിലിലെ മതിലിന്റെ ഇലക്ട്രിക്ക് ഫെൻസിംഗ് തകരാറിലായി രണ്ടുവർഷമായിട്ടും അതും ശരിയാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |