ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന 'വിസ്റ്റാ വില്ലേജ്' എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും മലയാള സിനിമയിലെത്തുന്നത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽവച്ച് സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.
ചടങ്ങിൽ സണ്ണി ലിയോൺ, അശോകൻ, വൃദ്ധി വിശാൽ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം വൃദ്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അത് വൈറലാകുകയും ചെയ്‌തിരുന്നു. സാരി ധരിച്ചാണ് സണ്ണി ലിയോൺ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
ആദ്യമായിട്ടല്ല സണ്ണി ലിയോൺ കേരളത്തിലെത്തുന്നത്. ഉദ്ഘാടനങ്ങൾ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കാനായി അവർ മുമ്പ് എത്തിയിരുന്നു. അന്നൊക്കെ അവരെ കാണാനായി മലയാളികൾ തടിച്ചുകൂടുകയും ചെയ്‌തിരുന്നു.
ഇന്നലെ നടന്ന ചടങ്ങിൽ, കേരളത്തിൽ എന്താണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും സണ്ണി ലിയോൺ വെളിപ്പെടുത്തി. ജനങ്ങളെയാണ് ഏറ്റവും ഇഷ്ടമെന്ന് അവർ വ്യക്തമാക്കി. അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. കൂടാതെ മലയാളികൾക്ക് ഓണാശംസകൾ നേരുകയും ചെയ്‌തു. മലയാളത്തിലായിരുന്നു സണ്ണി ലിയോൺ ഓണാശംസകൾ നേർന്നത്.
സണ്ണി ലിയോൺ നായികയാവുന്ന ആദ്യ മലയാള ചിത്രം ആണ് വിസ്റ്റാ വില്ലേജ്. മധുരരാജ, മൃദു ഭാവേ ദൃഢ കൃത്യേ എന്നീ ചിത്രങ്ങളിൽ ഐറ്റം നമ്പരുമായി സണ്ണി ലിയോൺ മലയാളത്തിൽ എത്തിയിട്ടുണ്ട്. കാസർകോടിന്റെ പശ്ചാത്തലത്തിൽ കുടുംബ ചിത്രമാണ് വിസ്റ്റാവില്ലേജ്. അനുശ്രീ, ഡോ.റോണി ഡേവിഡ്, ശ്രീകാന്ത് മുരളി, അശോകൻ, മണിയൻപിള്ളരാജു, കിച്ചു ടെല്ലസ് തുടങ്ങി നിരവധി താരങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |