സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് കിരീടം പാലക്കാട് ജില്ലയ്ക്ക്
പാലക്കാട് ഓവറാൾ ചാമ്പ്യന്മാരാകുന്നത് 14-ാം തവണ
തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലാ ടീം ഓവറാൾ ചാമ്പ്യൻസായി.നാലു ദിവസമായി നടന്ന മത്സരങ്ങളിൽ 28 സ്വർണവും 17 വെള്ളിയും 27 വെങ്കലങ്ങളും ഉൾപ്പടെ 539 പോയിന്റ് നേടിയാണ് പാലക്കാട് തങ്ങളുടെ 14-ാം കിരീടം സ്വന്തമാക്കിയത്. 19 സ്വർണമുൾപ്പടെ 461.5 പോയിന്റ് നേടിയ മലപ്പുറം രണ്ടാമതെത്തി. ആതിഥേയരായ തിരുവനന്തപുരം 21 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമടക്കം 370 പോയിന്റ് നേടി മൂന്നാമതെത്തി.
അവസാന ദിവസമായ ഇന്നലെ രണ്ട് റെക്കാഡുകളാണ് പിറന്നത്. അണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ എസ്.ആർ റോഹൻ 21.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. ഷോട്ട്പുട്ടിൽ അനുപ്രിയ വി.എസ്.13.62 മീറ്റർ എറിഞ്ഞ് റെക്കാഡ് തിരുത്തിക്കുറിച്ചു.
ഇന്നലെ നടന്ന അണ്ടർ 18 പെൺകുട്ടികളുടെ 200 മീറ്ററിൽ തിരുവനന്തപുരത്തിന്റെ രഹ്ന രഘു സ്വർണം നേടിയപ്പോൾ 400 മീറ്റർ ഹർഡിൽസിൽ ശ്രീനന്ദ കെ.വി ഒന്നാമതെത്തി. അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ പി.ടി സമൃദ്ധയ്ക്കാണ് സ്വർണം. 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പാലക്കാടിന്റെ രേവതിരാജൻ ഒന്നാമതെത്തി.
ആൺകുട്ടികളുടെ 200 മീറ്ററിൽ പാലക്കാടിന്റെ നിവേദ് കൃഷ്ണയ്ക്കാണ് സ്വർണം. അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ മുഹമ്മദ് മൂസ ഒന്നാമനായി ഫിനിഷ് ചെയ്തു. 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ തൃശൂരിന്റെ പ്രണവ് ഒന്നാമനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |