കൊല്ലം: കൊട്ടാരക്കരയിൽ ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പിക്ക് മുഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പുനലൂർ ശാസ്താംകോണം വഞ്ചിയൂർ പ്ളാവിള വീട്ടിൽ രഞ്ജിത്ത് (35), വെട്ടിക്കവല മുട്ടവിള ജിബി ഭവനത്തിൽ ജിൻസൺ ബേബി (32) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 8.45നായിരുന്നു സംഭവം. ജീവനക്കാരൻ പി.ബേസിലിനാണ് (49) പരിക്കേറ്റത്.
പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതിനുമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാഞ്ഞത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ബിവറേജസ് എംപ്ളോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ വൈസ് പ്രസിഡന്റാണ് ബേസിൽ. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ(സി.ഐ.ടി.യു) നേതാക്കളും ജീവനക്കാരന് അനുകൂല നിലപാടെടുത്തതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |