ട്രംപിന്റെ നയങ്ങൾ നാളെ മാറിയേക്കും. ബന്ധം നാളെ മെച്ചപ്പെട്ടേക്കാം. അതിനാൽ അമേരിക്കയെ വിസ്മരിച്ച് ചൈനയുമായി ചേർന്ന് പ്രതികാരം ചെയ്യാമെന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല
ഇന്ത്യ-യു.എസ് ബന്ധങ്ങളിൽ വിള്ളൽ വീണ സാഹചര്യത്തിൽ ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യൻ സന്ദർശനവും ചർച്ചകളും പ്രാധാന്യം അർഹിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ നിലവിലെ നയങ്ങൾ മൂലം നമുക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളും വ്യാപാര സാദ്ധ്യതകളും ദൃഢപ്പെടുത്തേണ്ടതുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല നമുക്ക് ചൈനയുമായി ഉള്ളത്. ഇന്ത്യക്ക് ട്രേഡ് ഡെഫിസിറ്റുള്ള രാജ്യമാണ് ചൈന. നമ്മൾ അവരെയാണ് കൂടുതൽ ആശ്രയിക്കുന്നത്. അവർ നമ്മളെയല്ല. ഈ സ്ഥിതി മെച്ചപ്പെടുത്താൻ പണ്ട് ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല.
അതിനുള്ള കാരണം രാഷ്ട്രീയം മാത്രമല്ല. ഇന്ത്യയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ലക്ഷ്യം വച്ച് വളരെ നിയന്ത്രിതമായാണ് അവർ ഇന്ത്യയുമായി വ്യാപാരം നടത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യൻ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നതും യാദൃശ്ചികമായി ഉണ്ടായ സംഭവവികാസങ്ങളാണ്. അല്ലാതെ, അമേരിക്കയുമായി പ്രശ്നമുണ്ടായത് കൊണ്ട് മാത്രം സംഭവിക്കുന്നതല്ല.
ചൈനീസ് വിദേശകാര്യമന്ത്രി ഇവിടെയെത്തിയത് പ്രത്യേക പ്രതിനിധികളുടെ മീറ്റിംഗിനാണ്. കുറേവർഷങ്ങളായി ഇന്ത്യ-ചൈന അതിർത്തി സംഘർഷം പരിഹരിക്കാനായി ഇത് നടക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവാലാണ് പങ്കെടുത്തത്.
എന്നാൽ യാതൊരു പ്രതീക്ഷയും നൽകുന്ന കാര്യങ്ങളല്ല നടക്കുന്നത്. ഏതെല്ലാം മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് അതിർത്തി തർക്കം പരിഹരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇത്രകാലമായിട്ടും നമ്മൾ ചിന്തിക്കുന്നത്. അരുണാചൽ മുഴുവൻ തങ്ങളുടേതാണ് എന്നടക്കം അവകാശവാദങ്ങൾ അവർ ഇപ്പോഴും ഉന്നയിക്കുന്നു.
അമേരിക്കയുമായുള്ള നഷ്ടം ചൈനയെക്കൊണ്ട് നികത്താം എന്നതരത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയില്ല. അതിനാൽ അമേരിക്കയുമായുള്ള ബന്ധം പുതുക്കാനോ, ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനോ ഈ സന്ദർശനത്തിന് സാധിക്കില്ലെന്നാണ് തോന്നുന്നത്. അതിർത്തിയിലെ സമാധാനം വളരെ പ്രധാനപ്പെട്ടതാണെന്നും അത് താൻ ചൈനീസ് പ്രസിഡന്റിനോട് നേരിട്ട് സംസാരിച്ചുകൊള്ളാമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എസ്.സി.ഒയുടെ ചർച്ചയ്ക്കാണ് അദ്ദേഹം അങ്ങോട്ടേക്ക് പോകുന്നത്. ഉഭയകക്ഷി ചർച്ചയ്ക്കല്ല.
മാറുന്ന
ലോകവ്യവസ്ഥ
ചൈന സ്വേച്ഛാധിപത്യ രാജ്യമാണ്. ഇന്ത്യ ജനാധിപത്യ രാജ്യവും. ഭാവിയിലെ ലോകക്രമം ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ളതാണ്. അത്തരത്തിൽ ലോകവ്യവസ്ഥ മാറിയാൽ ഇന്ത്യക്ക് ജനാധിപത്യത്തിന്റെ കൂടെ മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളു. അതിനാൽ നമുക്ക് അമേരിക്കയുടെ ഒപ്പം നിൽക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഇന്ത്യ-ചൈന ബന്ധങ്ങളിൽ നടക്കാൻ സാദ്ധ്യത കുറവാണ്. ഏഷ്യ മുഴുവൻ അടക്കി ഭരിക്കുന്നതാണ് ചൈനയുടെ ലക്ഷ്യം.
അമേരിക്കയുമായുള്ള പ്രശ്നങ്ങൾ അവരുമായി തന്നെ പരിഹരിക്കണം. ക്വാഡ് എന്നത് ആന്റി-ചൈന സഖ്യമല്ലെങ്കിൽ പോലും ജപ്പാന്റെയും യു.എസിന്റെയും ഓസ്ട്രേലിയയുടെയും ലക്ഷ്യം ചൈനയെ ചെറുത്തുനിൽക്കുന്നത് തന്നെയാണ്. ഇന്ത്യ ഇതുവരെ അതൊരു മിലിറ്ററി സഖ്യമായി അംഗീകരിച്ചിട്ടില്ല. എങ്കിലും ക്വാഡിന് പ്രാധാന്യമുണ്ട്.
അമേരിക്കയുമായുള്ള ബന്ധം ഒരു റോളർ കോസ്റ്റർ റൈഡാണല്ലോ. ട്രംപിന്റെ നയങ്ങൾ നാളെ മാറിയേക്കും. ബന്ധം നാളെ മെച്ചപ്പെട്ടേക്കാം. അതിനാൽ അമേരിക്കയെ വിസ്മരിച്ച് ചൈനയുമായി ചേർന്ന് പ്രതികാരം ചെയ്യാമെന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. അല്ലെങ്കിൽ നമ്മൾ ചൈനയെ അനുസരിക്കേണ്ടി വരും. അത് ഇന്ത്യയുടെ നയങ്ങൾക്ക് യോജിക്കുന്നതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |