ഏത് വികസന പ്രവർത്തനത്തിനും കേരളത്തിൽ ഒന്നാമത്തെ തടസം ഭൂമിയുടെ ലഭ്യതയാണ്. റെയിൽവേ പദ്ധതികൾ ഉൾപ്പെടെ സംസ്ഥാനം കേന്ദ്ര സർക്കാരിനു മുന്നിലേക്ക് വയ്ക്കുന്ന പല പദ്ധതികളുടെയും പ്രാഥമിക റിപ്പോർട്ട് വാങ്ങിവച്ചിട്ട്, കേന്ദ്രം പറയുന്ന മറുപടി ഇതാണ്: 'ആദ്യം സ്ഥലം ഏറ്റെടുത്തു തരിക!" ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത്, ഇടുക്കി ജില്ലയിലെ മൂന്നാർ കേന്ദ്രമാക്കി അന്താരാഷ്ട്ര സൗകര്യങ്ങളും നിലവാരവുമുള്ള ഒരു ടൂറിസം ഹബ്ബ് യാഥാർത്ഥ്യമാക്കാനായി ആ മേഖലയിൽ 1200 ഏക്കർ ഭൂമി, പാട്ടവ്യവസ്ഥ റദ്ദാക്കി ഏറ്റെടുക്കാനുള്ള ഒരു ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരാൻ പോകുന്നതായുള്ള, കേരളകൗമുദി ലേഖകൻ ശ്രീകുമാർ പള്ളീലേത്ത് തയ്യാറാക്കിയ റിപ്പോർട്ട് വാർത്ത ഇന്നലെയാണ് ഞങ്ങൾ പുറത്തുവിട്ടത്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള കണ്ണൻദേവൻ ഹിൽസ് പ്ളാന്റേഷൻസ് കമ്പനിയുടെ കൈവശമുള്ള ഭൂമിയാണ് ഇങ്ങനെ ഏറ്റെടുക്കാൻ പോകുന്നത്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ കേന്ദ്രമാക്കി സർക്കാർ വിഭാവനം ചെയ്യുന്ന ടൂറിസം ഹബ്ബ് സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന്റെ മുഖച്ഛായയും മേൽവിലാസവും മാറ്റിമറിക്കുക മാത്രമല്ല, ലോക ടൂറിസം വിപണിയിൽ 'കേരള ബ്രാൻഡി"നെ ഒന്നാംനിരയിൽ എത്തിക്കുകയും ചെയ്യുമെന്ന് തീർച്ച. കണ്ണൻദേവൻ കമ്പനി കൈവശം വച്ചിരുന്ന മുഴുവൻ ഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയത് 1971-ലാണ്. തുടർന്ന് പാട്ടവ്യവസ്ഥയിൽ നല്കുകയും ചെയ്തു. ഇതിൽ, മൂന്നാർ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുന്ന വലിയ പ്രദേശവും പൊതുസ്ഥാപനങ്ങളും മറ്റ് പൊതുഇടങ്ങളും ഉൾപ്പെടെയുള്ള 1200 ഏക്കറാണ് നിർദ്ദിഷ്ട ബിൽ നിയമമാകുന്നതോടെ സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലാവുക. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി കൈയേറ്റങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും ഉള്ള ഇടുക്കിയിലാണ് പ്രത്യേക നിയമ നിർമ്മാണം വഴിയുള്ള ഈ ഏറ്റെടുക്കലെന്നതിനെ വിപ്ളവകരം എന്നുതന്നെ വിശേഷിപ്പിക്കണം.
ലോകമെങ്ങും ഏറ്റവും വേഗത്തിൽ വളരുന്ന 'വ്യവസായ" മേഖലകളിലൊന്നാണ് ടൂറിസം. നമ്മളാകട്ടെ, ടൂറിസത്തെ വ്യവസായം എന്നതിന്റെ പരിപൂർണമായ അർത്ഥത്തിൽ ഇനിയും ഉൾക്കൊണ്ടിട്ടില്ല. അതുകൊണ്ടാണ് വിനോദസഞ്ചാര മേഖലകളിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, താമസ സൗകര്യങ്ങൾ, വിനോദ ഉപാധികൾ തുടങ്ങി, വ്യവസായത്തിന്റെ പരിധിയിൽ വരാവുന്ന ഏതാണ്ടെല്ലാ സാദ്ധ്യതകളുടെയും പ്രയോജനം സ്വകാര്യ മേഖല കൈയടക്കിവച്ചിരിക്കുന്നത്. ഭേദപ്പെട്ട ഒരു ഹോട്ടലോ മറ്റോ ആയിരിക്കും സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരം കേന്ദ്രങ്ങളിൽ ആകെയുണ്ടാവുക. അതിൽ നിന്ന് വിഭിന്നമായി, രാജ്യാന്തര ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നുള്ള നിക്ഷേപം കൂടി സ്വീകരിച്ചുകൊണ്ടാണ് മൂന്നാർ കേന്ദ്രമാക്കി സർക്കാരിന്റെ നേതൃത്വത്തിലുള്ള ടൂറിസം ഹബ്ബ് ഒരുങ്ങുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാലത്തിന്റെ മാറ്റവും ആവശ്യകതയും ഉൾക്കൊണ്ട്, സർക്കാർ- സ്വകാര്യ പങ്കാളിത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഈ ഉദ്യമത്തെ പൂർണമനസോടെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
കേരളത്തിന്റെ ടൂറിസം മേഖലയിൽ നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിലും, അവ വിജയകരമാക്കുന്നതിലുമുള്ള ആത്മാർത്ഥതയും മിടുക്കും ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പും തെളിയിച്ചിട്ടുള്ളതാണ്. ആ വിരുതും വൈദഗ്ദ്ധ്യവും പരിചയസമ്പത്തും നിർദ്ദിഷ്ട ടൂറിസം ഹബ്ബിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എല്ലാം സർക്കാരിനു കീഴിൽ എന്നത് പുതിയ കാലത്തെ വികസന സങ്കല്പത്തിനും സാമ്പത്തികശാസ്ത്രത്തിനും ചേർന്നതല്ല. ടൂറിസം ഹബ്ബിന്റെ കാര്യത്തിൽ സർക്കാർ ഒരു 'ഫെസിലിറ്റേറ്റർ" എന്ന മുഖ്യറോളിൽ നിന്നുകൊണ്ട്, പരമാവധി സ്വകാര്യ മൂലധനം ആകർഷിക്കുകയും, സംരംഭകർക്ക് ഇളവുകളോടെ നിയന്ത്രണവിധേയമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്. ടൂറിസം മേഖലയിൽ ഉൾപ്പെടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും ഉണ്ടാകട്ടെ. മൂന്നാർ ടൂറിസം ഹബ്ബ് അങ്ങനെ കേരളത്തിന്റെ ടോട്ടൽ വികസന ഹബ്ബ് ആയി മാറട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |