ഭാരം കുറയ്ക്കാൻ വേണ്ടി ഏറെ ആശ്രയിക്കുന്ന സാധനമാണ് വെള്ളരിക്ക. മിക്കവരും തൊലി കളഞ്ഞ ശേഷമായിരിക്കും വെള്ളരിക്ക കഴിക്കുക. എന്നാൽ വെള്ളരിക്ക പോലെത്തന്നെ അതിന്റെ തൊലിക്കും ആവശ്യക്കാരേറെയുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊൽക്കത്തയിലെ തിരക്കേറിയ ഒരു മാർക്കറ്റിൽ നിന്നുള്ളതാണ് വീഡിയോ. ഇതിനിടയിൽ ഒരാൾ വെള്ളരിക്കയുടെ തൊലി വിൽക്കുകയാണ്. കിലോയ്ക്ക് പത്ത് രൂപ നൽകി നിരവധി പേരാണ് അദ്ദേഹത്തിൽ നിന്ന് വെള്ളരിക്കയുടെ തൊലി വാങ്ങിക്കൊണ്ടുപോകുന്നത്.
ഹേമന്ദ് എന്നയാളുടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെള്ളരിക്കയുടെ തൊലി വാങ്ങിക്കഴിക്കാൻ നിരവധി പേർ എത്തിയത് കണ്ട് വ്‌ളോഗർ കൗതുകത്തോടെ ഒരു പ്ലേറ്റ് ഓർഡർ ചെയ്യുന്നു. കച്ചവടക്കാരൻ ഫ്രഷായി വെള്ളരിക്കയുടെ തൊലി ഒരു പേപ്പറിലിട്ട് അവയിൽ സുഗന്ധവ്യഞ്ജനങ്ങൾ വിതറി വ്‌ളോഗർക്ക് നൽകുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് വൈറലായി.
ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. കൊൽക്കത്തയിൽ വെള്ളരിക്കയുടെ തൊലി ഇത്രയും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് അസാധാരണമാണെന്ന് വ്‌ളോഗർ ഊന്നിപ്പറയുന്നത് വീഡിയോയിൽ കേൾക്കാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. വെള്ളരിക്കയുടെ തൊലി മൃഗങ്ങളും പക്ഷികളുമൊക്കെയാണ് കഴിക്കുന്നതെന്നാണ് പലരും തമാശയായി പറയുന്നത്. എന്നാൽ മറ്റുചിലർ ഇതിനെ പുതിയ ബിസിനസ് ആശയമെന്ന രീതിയിലാണ് സമീപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |