കയർ വ്യവസായത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണ മാത്രം കൈമുതലാക്കി, വ്യവസായത്തിന്റെ പ്രതിസന്ധി കാലത്ത് തുടക്കം കുറിച്ച് ലാഭം കൊയ്ത് വിജയ കഥയാണ് ചേർത്തല കഞ്ഞിക്കുഴി വിന്റർ മേറ്റ് ഫൈബർ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ശ്രീകണ്ഠമംഗലം മാധവത്തിൽ മോഹനൻ നായരുടേത്.കൊമേഴ്സസ് ബിരുദം നേടി സ്വകാര്യ സ്ഥാപന ജീവനക്കാരനായി ജീവിതം നയിക്കുമ്പോഴും ഒരിക്കൽ താനൊരു വ്യവസായി ആകുമെന്ന ദൃഢനിശ്ചയം മോഹനൻ നായരുടെ മനസ്സിലുണ്ടായിരുന്നു.
മോഹനൻ നായരുടെ വ്യവസായ ജീവിതം സിൽവർ ജൂബിലി നിറവിലാണ്.മെഡിക്കൽ റെപ്രസന്റേറ്റീവായിട്ടാണ് തുടക്കം.ഏരിയാ മാനേജരും ട്രെയിനറുമായി മുന്നേറി.തുടർന്ന് വിപ്രോ കമ്പനിയുടെ ഭാഗമായി.വിപ്രോയിൽ റിജീയണൽ മാർക്കറ്റിംഗ് ഹെഡായി പ്രവർത്തിക്കവെ, കേരളത്തിലും തമിഴ്നാട്ടിലുമടക്കം കുട്ടികളുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചത് മോഹനൻ നായരുടെ നേതൃത്വത്തിലായിരുന്നു. കൂട്ടുകാരെ കാണാൻ ഏഴ് ദിവസത്തെ അവധിയെടുത്ത് നടത്തിയ മലേഷ്യൻ യാത്രയാണ് മോഹൻ നായരെ വ്യവസായ സംരംഭകനാക്കി മാറ്റിയത്. സുഹൃത്ത് സീതാരാമനടക്കം ഭൂരിപക്ഷം ഇന്ത്യക്കാരും മലേഷ്യയിൽ ചെയ്തിരുന്നത് മെറ്റൽ സ്ക്രാപ്പ് വ്യവസായമായിരുന്നു. സൗഹൃദസന്ദർശനം തന്റെ ഭാവി മാറ്റിമറിക്കുമെന്ന് മനസ്സിലാക്കിയ മോഹനൻ നായർ, സീതാരാമന്റെ സമ്പൂർണ്ണ ഇംപക്സ് കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ചേർന്നു.
രണ്ട് വർഷങ്ങൾക്കിപ്പുറം മലേഷ്യൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിട്ടിയുടെ അനുമതിയോടെ സ്വന്തം വ്യവസായം 'ഭാരത് മെറ്റൽ ഇംപക്സ് "കമ്പനി മലേഷ്യയിൽ ആരംഭിച്ചു.എപ്പോഴും വളർച്ചയ്ക്കുള്ള പാതകൾ തേടിയിരുന്ന മോഹനൻ നായർ, അധികം വൈകാതെ ടെട്രാ കാർബൺ മാനുഫാക്ചറിംഗ് കമ്പനി ആരംഭിച്ചു.ഫിൽറ്ററേഷനും, മെഡിസിനൽ ആവശ്യങ്ങൾക്കും ചിരട്ട കത്തിച്ചുണ്ടാക്കുന്ന ആക്ടിവേറ്റഡ് കാർബണിന്റെ സാധ്യത തിരിച്ചറിഞ്ഞായിരുന്നു വ്യവസായം തുടങ്ങിയത്.പന്ത്രണ്ട് വർഷം മലേഷ്യയിൽ വ്യവസായം നടത്തിയ ശേഷമാണ് ഓസ്ട്രേലിയയിലേക്ക് പോയത്.അവിടെ മിനറൽ എക്സ്പോർട്ടിംഗ് കമ്പനിയായ യൂറോമാക്സിന് തുടക്കമിട്ടു.
തൊട്ടുപിന്നാലെ വിശാഖപട്ടണം ആസ്ഥാനമാക്കി ഇക്കോമാക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള മിനറലുകളുടെ എക്സ്പോർട്ടിംഗും ആരംഭിച്ചു. എന്നാൽ സ്വകാര്യ കയറ്റുമതിക്കാർക്ക് വിലക്ക് വന്നതോടെ വ്യവസായം പ്രതിസന്ധിയിലായി.പതിനഞ്ച് കോടി രൂപയുടെ സ്റ്റോക്ക് കൈവശമിരിക്കേയാണ് നിരോധനം വരുന്നത്. ഇത് സംബന്ധിച്ച് നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.
വന്നത് ഒറ്റയ്ക്ക് വഴി വെട്ടി
ചേർത്തല മുട്ടത്തിപ്പറമ്പിൽ മാധവത്തിൽ പി.കെ.മാധവൻനായരും ഭാര്യ മണിക്കുട്ടി അമ്മയും മകന് ഉന്നതവിദ്യാഭ്യാസം കൊടുത്തപ്പോഴും, വ്യവസായ സംരംഭകനാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പക്ഷേ ആ ഉറപ്പ് മോഹനൻ നായരുടെ ഉള്ളിലുണ്ടായിരുന്നു. വിപ്രോയിൽ നിന്ന് ലീവെടുത്ത് കേവലം ഏഴ് ദിവസത്തേക്ക് മലേഷ്യ കാണാൻ പോയ വ്യക്തി അവിടെ സംരംഭകനായി മാറിയതിന് പിന്നിലെ കാരണം ഉറച്ച് ദൃഢനിശ്ചയമായിരുന്നു.
സുരക്ഷിതമായ ജോലി വിട്ട് വെല്ലുവിളികളുള്ള വ്യവസായ രംഗത്തേക്കുള്ള ചുവടുമാറ്റം പലർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. പക്ഷേ ഒരു നാൾ വിജയം തന്റെ കോർട്ടിലായിരിക്കുമെന്ന് മോഹനൻ നായർ മനസ്സിലുറപ്പിച്ചിരുന്നു. അനിശ്ചിതത്വങ്ങൾ മാത്രം നിറഞ്ഞ വ്യവസായ രംഗത്ത് പ്രതിസന്ധികളെ പോസിറ്റീവായി കാണുകയെന്നതാണ് മോഹനൻ നായരുടെ പോളിസി. മുന്നിലുള്ളത് വിശാലമായ മാർക്കറ്റാണ്. അത് പ്രയോജനപ്പെടുത്തുന്നതിലാണ് വിജയം. മുതൽ മുടക്കില്ലാതെയും വ്യവസായം ആരംഭിക്കാം. പക്ഷേ കൃത്യമായ കണക്കുകൂട്ടലുകളും ദൃഢനിശ്ചയവും വേണം. എപ്പോഴും പോസിറ്റീവായി ചിന്തിക്കുക... മോഹനൻ നായർ വ്യക്തമാക്കി. സ്വന്തം അദ്ധ്വാനം കൊണ്ടു മാത്രമാണ് മോഹനൻ നായർ വളർന്നത്. പലരും എഴുതിത്തള്ളിക്കൊണ്ടിരിക്കുന്ന കയർ വ്യവസായത്തിലേക്ക്, അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ കടന്നുവരാനും, അവിടെ വിജയഗാഥ മാത്രം രചിക്കാനും സാധിച്ചത് ഈ അദ്ധ്വാനത്തിന്റെ പ്രതിഫലനമാണ്. സ്ഥാപനത്തിന്റെ തുടക്കം തന്നെ വലിയ സ്കെയിലിലായിരുന്നു. മാർക്കറ്റിംഗിന് മാത്രം മൂന്നര കോടി രൂപ ചെലവാക്കി. 2018ലാണ് മുഹമ്മ അഴിക്കോടൻ ജംഗ്ഷനിൽ സ്ഥലം വാങ്ങി ഫാക്ടറി യാഥാർത്ഥ്യമാക്കിയത്.
മാർക്കറ്റിംഗും, വിപണനവും സ്ഥിരത നേടുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അഡ്മിനിസ്ട്രേഷനിലേക്കും, ഫിനാൻസിലേക്കുമടക്കം ജീവനക്കാരെ നിയമിച്ചത്. തണുപ്പ് കാലത്ത് കൂട്ടായി എന്ന അർത്ഥത്തിലാണ് കയർ മാറ്റ് സംരംഭത്തിന് വിന്റർ മേറ്റ് എന്ന പേര് നൽകിയത്. ഉടൻ തന്നെ വൺ മേറ്റ് എന്ന പേരിൽ വിന്റർ മേറ്റിന്റെ ഓൺലൈൻ വ്യവസായത്തിന് തുടക്കമാകും.
തിരികെ ജന്മനാട്ടിലേക്ക്
സ്വകാര്യകയറ്റുമതി നിരോധനവും കോടികളുടെ സ്റ്രോക്കും മോഹനൻ നായരെന്ന ദൃഢനിശ്ചയമുള്ള മനുഷ്യന് വെല്ലുവിളിയായിരുന്നില്ല. താൻ നേരിട്ടതൊന്നും പ്രതിസന്ധികളായി അദ്ദേഹം കണക്കാക്കിയിട്ടുമില്ല. നാട്ടിൽ തിരിച്ചെത്തി. കയറിന്റെ ആസ്ഥാനമായ ആലപ്പുഴ കേന്ദ്രീകരിച്ച് അതേ വ്യവസായം തന്നെ ആരംഭിക്കാമെന്ന് മനസിലുറപ്പിച്ചു. കയർ മേഖല വ്യാവസായികമായി വളരെ ഞെരുക്കം നേരിടുന്ന കാലമായിരുന്നു അത്. എന്നാൽ, വർഷങ്ങൾ നീണ്ട അന്താരാഷ്ട്ര വ്യവസായ രംഗത്തെ ബന്ധങ്ങൾ തനിക്ക് തുണയാകുമെന്ന് മോഹനൻ നായർക്ക് ഉറപ്പുണ്ടായിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന മേഖലയിലെ തൊഴിലാളികൾക്ക് അഡ്വാൻസ് ശമ്പളം നൽകി മുഹമ്മ അഴീക്കോട് ജംഗ്ഷൻ ആസ്ഥാനമാക്കി വിന്റർ മേറ്റ് എന്ന സ്ഥാപനം 2018ൽ ആരംഭിച്ചു. പി.വി.സി റബർ, കയർ, ജൂട്ട് തടുക്കുകൾ കയറ്റുമതി ചെയ്യുന്ന വിന്റർ മേറ്റ് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ മൂന്ന് വർഷം വേണ്ടി വന്നു. ഇന്ന് പ്രതിവർഷം പത്ത് കോടി രൂപയുടെ കയറ്റുമതി നടത്തുന്ന സ്ഥാപനത്തിന് നടപ്പ് സാമ്പത്തിക വർഷം 25 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. യൂറോപ്പ്, യു.എസ്, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ് അടക്കം 15 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. 100 ശതമാനം കയറ്റുമതി മാത്രമുള്ളതാണ് സ്ഥാപനം. പുത്തൻ പദ്ധതികളുമായി വ്യവസായം വിപുലമാക്കാൻ അഞ്ച് കോടി രൂപയുടെ മുതൽമുടക്കിനുള്ള തയാറെടുപ്പ് നടക്കുകയാണ്. കൂടുതൽ തൊഴിലാളികളെയും നിയമിക്കും.
101 ശതമാനം സംതൃപ്തൻ
ജീവിതത്തിലും വ്യവസായത്തിലും മോഹനൻ നായർ 101 ശതമാനം സന്തുഷ്ടനാണ്. നിർമ്മല കുമാരിയാണ് ഭാര്യ. മകൾ ഡോ.ആര്യ വിന്റർ മേറ്റിന്റെ ഡയറക്ടറാണ്.ആര്യ ചേർത്തലയിൽ ആര്യാസ് ഡന്റൽ ക്ലിനിക്ക് എന്ന സ്ഥാപനവും നടത്തുന്നു. വിജോഷ് വിജയനാണ് ഭർത്താവ്. മകൾ ഹിദ വിജോഷ്. അബുദാബി നാഷണൽ പെയിന്റ്സിൽ പ്രവർത്തിക്കുകയാണ് മോഹനൻ നായരുടെ മകൻ വിമൽ മോഹൻ. മരുമകൾ: ആഷ അരവിന്ദ്. കൊച്ചുമകൾ: ധരാവിമൽ.
തിരിഞ്ഞു നോക്കരുത് !
ഏത് യാത്രയിലും കുണ്ടും കുഴിയുമുണ്ടാകും. പക്ഷേ തിരിഞ്ഞുനോക്കരുതെന്നാണ് പുതു തലമുറ സംരംഭകരോട് മോഹനൻ നായർക്ക് പറയാനുള്ളത്. മുതൽമുടക്ക് നടത്തി വഴിയാധാരമാകരുത്. ചെറുതായി തുടങ്ങി വലുതാവുക. സമഗ്രത, സാമ്പത്തിക അച്ചടക്കം എന്നിവ പരമപ്രധാനമാണ്. കഴിവതും അനാവശ്യ കടങ്ങൾ ഒഴിവാക്കുക. ഈ പോളിസികൾ പിന്തുടർന്നാണ് മോഹനൻ നായർ മുന്നേറുന്നത്. എല്ലാ മാസവും 27ന് ഓരോ ജീവനക്കാരനും ശമ്പളം കൈകളിലെത്തിക്കുന്ന സ്ഥാപന ഉടമയെ ദൈവതുല്യമായാണ് ജീവനക്കാർ കാണുന്നത്. ചേർത്തല റോട്ടറി ക്ലബിന്റെ മുൻ അസിസ്റ്റന്റ് ഗവർണറായിരുന്ന മോഹനൻ നായർ ചാരിറ്റി പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. ആലപ്പുഴ, ഇടുക്കി റൈഫിൽ ക്ലബ് അംഗം, രാമവർമ്മ ക്ലബ് അംഗം തുടങ്ങിയ നിലകളിൽ സാമൂഹ്യ രംഗത്തും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |