ഒരു കാലത്ത് ലോകപ്രസിദ്ധമായിരുന്ന ബാലരാമപുരം കൈത്തറി ഇപ്പോൾ നെയ്യാൻ ആളില്ലാതെ ചുരുങ്ങി ചുരുങ്ങി പീഡിത വ്യവസായത്തിലേക്കെത്തി നിൽക്കുകയാണ്. ഇതിനെ എങ്ങനെയെങ്കിലും അടിയന്തര ശ്വാസം നൽകി പുനരുജ്ജീവിപ്പിക്കണമെന്നാണ് നെയ്ത്തുകാരനായും നെയ്ത്ത് സംഘത്തിന്റെ താഴേത്തട്ടിൽ നിന്നുയർന്ന് സെക്രട്ടറിയായും അഗ്രിക്കൾച്ചറൽ വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായുമൊക്കെ പ്രവർത്തിക്കുന്ന സി.എസ്.അശോകന് പറയാനുള്ളത്.
ലോകപ്രശസ്തി നേടിയ വ്യവസായം
മുക്കംപാലമൂട് ഹാൻഡ്ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് കഴിഞ്ഞ 36 വർഷം ജോലി ചെയ്തത്. ആദ്യം ക്ലാർക്കായിരുന്നു, പിന്നീട് സെക്രട്ടറിയായി. ഇപ്പോൾ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചു. ഈ സ്ഥാപനത്തിന് ഹരിയാനയിലെ സൂരജ്കുണ്ഡ് ക്രാഫ്റ്റ് മേളയിൽ പങ്കെടുത്ത് നെയ്ത് കാണിച്ചതിന് 1996ൽ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. 'വെൽക്കം ഹോണറബിൾ പ്രസിഡന്റ് ഒഫ് ഇന്ത്യ' എന്ന് തത്സമയം നെയ്തുകാണിച്ചത് പരിഗണിച്ചാണ് അവാർഡ് കിട്ടിയത്. ആ കാലത്ത് സൊസൈറ്റിയിൽ 170ഓളം തറികളുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി പട്ടുസാരി നെയ്ത്ത് തുടങ്ങിയത് ഞങ്ങളുടെ സൊസൈറ്രിയിലാണ്. കാഞ്ചിപുരത്തു നിന്ന് 15ഓളം നെയ്ത്തുകാരെ കൊണ്ടുവന്ന് പരിശീലനം നൽകിയാണ് പട്ടുനെയ്ത്ത് തുടങ്ങിയത്. നെയ്തെടുത്ത സാരി ഹാൻടെക്സ് ഏറ്റെടുത്ത് മന്ത്രകോടി എന്ന പേരിൽ വില്പന നടത്തി. ഉത്പന്നം പെട്ടെന്ന് ഹിറ്റായി. എന്നാൽ, തമിഴ്നാട്ടിൽ നിന്നുള്ള ഒരു മാഗസിൻ ഇതിനെതിരേ ലേഖനമെഴുതി, കാഞ്ചിപുരം ചേലയ്ക്ക് ഇത് ആപത്തെന്ന് പറഞ്ഞ്. വിഷയം തമിഴ്നാട് നിയമസഭയിലെത്തിയതോടെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ഉത്തരവിട്ട് അവരെ പിൻവലിപ്പിച്ചു. നമ്മുടെ ആളുകൾക്ക് വേണ്ടത്ര പരിശീലനം ലഭിച്ചതുമില്ല. ഒന്നരമാസത്തിനിടെ അവര് പോയി. അന്നത്തെ ഓണക്കാലത്ത് അവര് നെയ്ത തുണിക്ക് അത്രമാത്രം ഡിമാന്റുണ്ടായിരുന്നു.
ഇപ്പോൾ കൈത്തറി മേഖലയിലേക്ക് പുതിയതായി ആരും കടന്നുവരുന്നില്ല. പഴയ തലമുറയിൽപ്പെട്ട ആളുകൾ മാത്രമാണ് ഇപ്പോഴുള്ളത്. എല്ലാ സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. ഞങ്ങളുടെ സംഘത്തിൽ 170ഓളം തറികളുണ്ടായിരുന്നിടത്ത് 17 പേരാണ് ഇപ്പോഴുള്ളത്.
ഈ സർക്കാർ വന്നതിന് ശേഷം നല്ല പിന്തുണ കിട്ടുന്നുണ്ട്. പ്രത്യേകിച്ച് മന്ത്രി പി.രാജീവിൽ നിന്ന്. നെയ്ത്തുകാർക്ക് കിട്ടേണ്ട വേതനം നേരിട്ട് അക്കൗണ്ടിലെത്തുന്ന ഇൻകം സപ്പോർട്ട് സ്കീം. അത് മന്ത്രി രാജീവ് കൊണ്ടുവന്നതാണ്. അതിപ്പോഴും തുടരുന്നുണ്ട്. കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം നടപ്പാക്കിയതിന് ശേഷം ഈ കൈത്തറി സംഘങ്ങൾക്ക് യൂണിഫോം ചെയ്തുകൊടുക്കാൻ കഴിയുന്നുണ്ട്. ഹാൻടെക്സ് ഏറ്റെടുക്കുന്ന യൂണിഫോം സർക്കാർ സൗജന്യമായി സ്കൂളുകളിലെത്തിക്കും. കൈത്തറി രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന മന്ത്രി ജി.ആർ.അനിലിന്റ പല ഇടപെടലുകൾ ഇപ്പോഴും ഈ മേഖലയിൽ വലിയ അനുഗ്രഹമാണ്.
മുണ്ടുടുപ്പിക്കൽ പ്രോത്സാഹനം
ആഴ്ചയിലൊരിക്കൽ സർക്കാർ ജീവനക്കാർ മുണ്ടുടുക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാർ ഉത്തരവിട്ടത് കൈത്തറി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായിരുന്നു. ധാരാളം പേർ സംഘങ്ങളിൽനിന്നും ഹാൻടെക്സിൽ നിന്നുമൊക്കെ മുണ്ടും സാരിയുമൊക്കെ വാങ്ങിച്ചു. എന്നാൽ, അത് ഒന്നര വർഷമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നെ എല്ലാവരുമത് ഉപേക്ഷിച്ചു. ഇപ്പോൾ ഓണത്തിനാണ് കൈത്തറി മേഖലയിൽ ഉണർവുണ്ടാകുന്നത്. റിബേറ്റ് അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഹാൻടെക്സിൽ ഗ്രാൻഡ് സെയിൽസ് നടക്കും. അതിന്റെ പ്രയോജനം ഹാൻടെക്സിനും പ്രൈമറി സംഘങ്ങൾക്കും ലഭിക്കും. എന്നാൽ, വേതനം കുറവായതിനാൽ പുതുതലമുറയിൽപ്പെട്ടവരാരും ഇതിലേക്ക് കടന്നുവരാൻ തയ്യാറാവുകയില്ല. കാരണം, ഒരു മുണ്ട് നെയ്താൽ 280 രൂപ മുതൽ 380 രൂപ വരെ മാത്രമേ കിട്ടൂ. തൊഴിലുറപ്പ് പണിക്ക് പോയാൽ 339 രൂപ കിട്ടും. അതാണ് ചെറുപ്പക്കാർ പറയുന്നത്. ഇതിൽ സാങ്കേതിക വിദ്യയിലുള്ള ന്യൂനതയാണ് പ്രധാനം. സർക്കാരിന്റെ നേതൃത്വത്തിൽ ചിലയിടങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. വട്ടിയൂർക്കാവിൽ, കണ്ണൂരിൽ തുടങ്ങിയ സെന്ററുകളിൽ നിന്ന് കുറച്ചാളുകൾ പഠിച്ചിറങ്ങുന്നുണ്ട്. പക്ഷേ, പലരും തമിഴ്നാട്ടിലേക്കാണ് പോകുന്നത്. ഇവിടെ ജോലിയില്ല.
പ്രതിസന്ധി അനേകം
പവർ ലൂമൊക്കെ വന്നതോടെയാണ് ഞങ്ങളുടെ പ്രതിസന്ധി രൂക്ഷമായത്. ഒരു നോർമൽ ഡബിൾ മുണ്ടാണെങ്കിൽ 800 രൂപ ശരാശരി വിലയുണ്ടാകും. എന്നാൽ പവർ ലൂമിലെ മുണ്ട് 200 രൂപയ്ക്ക് കിട്ടും. ഉപയോഗിച്ച് കഴിയുമ്പോഴേ ഇവയുടെ വ്യത്യാസം മനസിലാകൂ. പവർ ലൂമിലെ മുണ്ട് ഒരു നനയ്ക്കുതന്നെ അതിന്റെ ഗുണം ഇല്ലാതാകും. കൈത്തറി സ്റ്രാർച്ച് ചെയ്ത് ഉപയോഗിച്ചാൽ കാലാകാലം നിലനിൽക്കുകയും ചെയ്യും. മലയാളികളുടെ സ്വന്തം വേഷവിധാനമാണ് കൈത്തറി മുണ്ടും സാരിയുമൊക്കെ എന്നതാണെങ്കിലും വല്ലപ്പോഴും ആഘോഷത്തിന് മാത്രമായി ധരിക്കാൻ തുടങ്ങിയതോടെയാണ് കൈത്തറി മേഖല പിന്നോട്ടടിച്ചു തുടങ്ങിയത്.
രോഗങ്ങളും പ്രശ്നം
ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള രോഗങ്ങളും കൈത്തറി വ്യവസായത്തെ പിന്നോട്ടടിക്കുന്നുണ്ട്. മിക്കവർക്കും ആസ്ത്മയുടെ പ്രശ്നമുണ്ട്. ഞങ്ങളുടെ സംഘത്തിലെ ശാന്ത എന്ന സ്ത്രീക്ക് രോഗമുണ്ടായി ശ്രീചിത്രയിൽ വരെയെത്തി പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തിൽ മുഴുവൻ പഞ്ഞി അടിഞ്ഞെന്ന് കണ്ടെത്തിയത്. 18 വയസിൽ നെയ്യാൻ തുടങ്ങിയ അവർ 56-ാം വയസിലാണ് പ്രശ്നം കണ്ടെത്തിയത്. ഇതുകൂടി കേട്ടപ്പോൾ കുറേക്കൂടി ആളുകൾക്ക് ഭയമായി. പക്ഷേ, ഇപ്പോൾ മിക്കവരും മാസ്ക് ഒക്കെ ധരിച്ചാണ് നെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാർ ചില പിന്തുണയൊക്കെ നൽകുന്നുണ്ടെങ്കിലും ഒരു മൃതപ്രായമായ വ്യവസായമെന്ന നിലയാണ് സമീപനങ്ങളേറെയും. ദിനേശ് ബീഡി പോലെ, കയർ ഫെഡ് പോലെ ഹാൻടെക്സും ഇപ്പോൾ പീഡിത വ്യവസായമാണ്. ഇക്കാര്യം ഞങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. താൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം കൈത്തറി വ്യവസായവും അതിലുള്ള ആളുകളും നിലനിൽക്കണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടി എപ്പോഴും പ്രവർത്തിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വായ്പ കുടിശിക കൂടി
സംഘം നേരിടുന്ന ഇപ്പോഴത്തെ പ്രശ്നമെന്തെന്ന് ചോദിച്ചാൽ ഇപ്പോഴത്തെ കേരള ബാങ്ക് പണ്ടത്തെ ജില്ലാ സഹകരണ ബാങ്കായിരുന്ന കാലത്ത് ഞങ്ങൾ വായ്പയെടുത്തിരുന്നു. പ്രവർത്തന മൂലധനമായി. ഓരോ മാസം കഴിയുമ്പോഴും അവര് പലിശ ഈടാക്കും. സംഘത്തിന് കിട്ടുന്ന പണവും റിബേറ്റ് സെയിൽ അടക്കമുള്ളവ ഒരോ വർഷം കഴിയുമ്പോഴാണ് കിട്ടുന്നത്. ഇതിപ്പോൾ പലിശ കുടിശികയായി. ആറ് മാസത്തെ കുടിശികയാകുമ്പോൾ അത് മുതലിൽ ചേർക്കും. അങ്ങനെ 10 ലക്ഷം വായ്പയെടുത്തവർക്കൊക്കെ അഞ്ചാറ് വർഷം കഴിഞ്ഞപ്പോഴേക്കും ഒരു കോടിയായി. ഇതോടെ സംഘങ്ങൾക്ക് എഴുന്നേറ്റുനിൽക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇതിന് യു.പി.എ സർക്കാർ കൊണ്ടുവന്ന ആർ.ആർ.ആർ പാക്കേജാണ് സഹായമായത്. പ്രവർത്തന മൂലധനമായി എടുത്ത വായ്പയൊക്കെ എഴുതിത്തള്ളി. ഹാന്റക്സിന് മാത്രം 450 കോടിയും, പ്രാഥമിക സഹകരണങ്ങൾക്കെല്ലാം കൂടി ഏതാണ്ട് 1000 കോടി രൂപയും കിട്ടി. ബാങ്കുകൾക്കാണ് സർക്കാർ പണം നൽകിയത്. അങ്ങനെയാണ് കുറച്ചെങ്കിലും ശ്വാസംവിട്ടു നിൽക്കാനായത്. ഇനിയാണെങ്കിലും ഒരു റിവൈവൽ പാക്കേജ് കൂടിയുണ്ടായാൽ സംഘങ്ങൾക്ക് തീർച്ചയായും പിടിച്ചുനിൽക്കാനാകും.
ചുരുങ്ങിച്ചുരുങ്ങി
തിരുവനന്തപുരം ജില്ലയിൽ 140 സംഘങ്ങളേയുള്ളൂ. 487 സംഘങ്ങളുണ്ടായിരുന്നു. ആക്ടീവായത് നോക്കിയാൽ 100നോട് അടുപ്പിച്ചേ കാണൂ. ഈ കൈത്തറി സംഘങ്ങളെ ആശ്രയിച്ച് 2000ത്തോളം കുടുംബങ്ങൾ ജീവിച്ചിരുന്നതാണ്. ഇപ്പോൾ ഏതാണ്ട് 300ന് അടുപ്പിച്ച് കാണും. ബാലരാമപുരം കൈത്തറി എന്നത് ലോകപ്രസിദ്ധമായിരുന്നു. ഇന്നത് കണ്ണൂരിലേക്കും തമിഴ്നാട്ടിലെ ഈറോഡിലേക്കും തിരുപ്പൂരിലേക്കും പോയി. ഇപ്പോൾ ബാലരാമപുരത്ത് ശാലികോത്ര എന്നൊരു സ്ട്രീറ്റുണ്ട്. അതുമാത്രമാണ് അവശേഷിക്കുന്നത്.
നെയ്ത്ത് കുടുംബത്തിൽ നിന്ന്
ബാലരാമപുരത്തിന് അടുത്ത് തുമ്പോടുള്ള പരമ്പരാഗത കൈത്തറി നെയ്ത്ത് കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ചന്ദ്രശേഖരൻ, കൈത്തറി കൗൺസിൽ ജില്ലാ പ്രസിഡന്റായിരുന്നു. അമ്മ സുലോചന. രണ്ടുപേരും നെയ്ത്തുകാരായിരുന്നു. അച്ഛന്റെയും, അമ്മയുടെയും കുടുംബങ്ങളിൽ സഹോദരങ്ങൾ എല്ലാവരും നെയ്ത്തുകാരാണ്. ഇപ്പോഴും നെയ്യുന്നവരുണ്ട്. പള്ളിച്ചൽ പ്രൈമറി സ്കൂളിലും ബാലരാമപുരം ഹൈസ്കൂൾ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1988 ആഗസ്റ്റ് 18ന് കൈത്തറി സഹകരണസംഘത്തിലെ അറ്റൻഡറായി ജോലിക്ക് പ്രവേശിച്ചു. അതിനുശേഷം കുറവൻകോണം സഹകരണ പരിശീലന കോളേജിലെയും പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിലെയും കോഴ്സ് പൂർത്തിയാക്കി. നെയ്യാറ്റിൻകര അഗ്രിക്കൾച്ചർ വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്രിയുടെ പ്രസിഡന്റാണ്. തിരുവനന്തപുരം ഗ്രീൻ സിറ്റി ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റായും ജൂലായ് 2ന് സ്ഥാനമേറ്റു. നേരത്തെ സെക്രട്ടറിയായിരുന്നു. ലയൺസ് ക്ലബ് മുഖേനെ നിരവധി സന്നദ്ധ പ്രവർത്തനങ്ങളും സഹായ പദ്ധതികളും നടത്തുന്നുണ്ട്. ആർ.സി.സിയിൽ റിലീവിംഗ് ഹംഗർ എന്ന പേരിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കുറഞ്ഞത് 550 പേർക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്നുണ്ട്.
ഭാര്യയുടെ പേര് ലീന. അങ്കണവാടി ടീച്ചറാണ്.മകൾ ഗായത്രി. മരുമകൻ എൻജിനിയറിംഗ് കഴിഞ്ഞ് ആർമിയിൽ ജമ്മുവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |