അഹിംസയും സർവ്വഭൂതദയയും നമ്മുടെ പുരാണഗ്രന്ഥങ്ങളിൽ ഏറ്റവുമധികം പ്രകീർത്തിക്കപ്പെട്ട ആദർശങ്ങളാണ്. 'അഹിംസയാണ് പരമമായ ധർമ്മം" എന്നതാണ് സർവ്വശാസ്ത്രങ്ങളുടെയും സാരം. നൂറ് ശതമാനം അഹിംസ എന്നത് പലപ്പോഴും അസാദ്ധ്യമായ കാര്യമാണ്. മനുഷ്യന് ഭക്ഷണം കഴിക്കണം, ശ്വസിക്കണം, നടക്കണം, സംസാരിക്കണം, കൃഷിയിടങ്ങൾ പരിപാലിക്കണം, കീടങ്ങളെ നശിപ്പിക്കണം. നമ്മുടെ ഓരോ ശ്വാസത്തിലും എത്രയോ അണുക്കൾ മരിക്കുന്നു. ഓരോ തവണ തിരിഞ്ഞുകിടക്കുമ്പോൾ പോലും ചെറിയ ഉറുമ്പുകൾ പോലുള്ള പ്രാണികൾ മരിക്കുന്നു. ഇവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ഹിംസ തന്നെയല്ലേ? എന്നുവച്ച് ശ്വസിക്കാതിരിക്കാനും ഭക്ഷണം കഴിക്കാതിരിക്കാനും പറ്റില്ലല്ലോ!
എപ്പോഴാണ് ഒരു പ്രവൃത്തി ഹിംസയാകുന്നതും അല്ലാതാകുന്നതും എന്നത് വിവാദപരമായ കാര്യമാണ്. സാമാന്യമായി പറഞ്ഞാൽ പ്രവൃത്തിയല്ല; പ്രവൃത്തിയുടെ പിന്നിലെ മനോഭാവമാണ് മുഖ്യം. സ്വാർത്ഥ ലാഭത്തിനോ സ്വന്തം സുഖത്തിനോ അശ്രദ്ധ മൂലമോ അന്യരെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നതാണ് ഹിംസ. നമ്മൾ ശ്വസിക്കുകയും ഭക്ഷണം കഴിക്കുകയും നടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആർക്കെങ്കിലും എന്തെങ്കിലും ദോഷം വരണമെന്ന ഉദ്ദേശത്തോടെയല്ല. അതിനാൽ അതൊന്നും ഹിംസയായി ഗണിക്കാറില്ല.
മാരകരോഗം പിടിപെട്ട ഒരു രോഗി ഓപ്പറേഷനിടയിൽ മരിച്ചു. എന്നിട്ടും അവസാന നിമിഷംവരെ ആ ജീവൻ രക്ഷിക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഡോക്ടറെ എല്ലാവരും ആദരിക്കുകയാണ് ചെയ്തത്. ഒരു കള്ളൻ ഓപ്പറേഷന് ഉപയോഗിക്കുന്ന കത്തികൊണ്ടു മോഷണത്തിനു തടസം നിന്ന വാച്ചുമാനെ കുത്തി. അതു കൊലപാതകമായി, കേസായി. ഡോക്ടറുടെ പ്രവൃത്തി അഹിംസയാണെങ്കിൽ കള്ളൻ ചെയ്തതു ഹിംസയാണ്. കേസിൽ ജഡ്ജി കള്ളനെ തൂക്കിക്കൊല്ലാനും വിധിച്ചു. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്ന് പറയാൻ പറ്റുമോ? അദ്ദേഹം തന്റെ കടമ നിർവ്വഹിക്കുക മാത്രമേ ചെയ്തുള്ളൂ.
വയറുനിറച്ചു ഭക്ഷണം കഴിക്കുവാനുള്ളപ്പോൾ, രുചിയുള്ള ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നതു ഹിംസയായി കണക്കാക്കുന്നതിൽ തെറ്റില്ല. എന്നാൽ ജീവൻ നിലനിറുത്താൻ കാട്ടുജാതിക്കാർ മൃഗങ്ങളെ വേട്ടയാടുന്നതു ഹിംസയല്ല. അനാവശ്യമായി ഒരു ഇല ഇറുക്കുന്നതുപോലും ഹിംസയാണെന്നു പറയാം. സ്വാർത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടി, മറ്റൊരു ജീവിയോടു ചെയ്യുന്ന ഏതൊരു ദ്രോഹവും ഹിംസയാണ്. എന്നാൽ, സമൂഹനന്മയ്ക്കുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പക്കേണ്ടതായി വന്നാൽക്കൂടി, അതിനെ ഹിംസയുടെ കൂട്ടത്തിൽപ്പെടുത്താനാവില്ല.
എല്ലാ ജീവികളോടും അനുകമ്പയും ദയയും പുലർത്തുക എന്നതാണ് അഹിംസയുടെ പിന്നിലെ അടിസ്ഥാന തത്വം. സ്വാർത്ഥതയും അഹന്തയും ഉള്ളിടത്തോളം കാലം അനുകമ്പയും ദയയും നമ്മിൽ പരിമിതമായി മാത്രമേ പ്രകടമാകൂ. സകല ചരാചരങ്ങളിലും തന്നെത്തന്നെ കാണുന്ന അവസ്ഥ കൈവരുമ്പോൾ മാത്രമേ അനുകമ്പയും ദയയും നമ്മുടെ സ്വഭാവമാകൂ. ആ അവസ്ഥയിൽ നമുക്ക് സകലരെയും സമബുദ്ധിയോടെ കാണുവാൻ സാധിക്കുന്നു. നമ്മോട് മറ്റുള്ളവർ കാണിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന ദയയും അനുകമ്പയും സ്വാഭാവികമായും എല്ലാ ജീവജാലങ്ങളോടും അപ്പോൾ നമുക്കുണ്ടാകുന്നു. അദ്വൈതാനുഭവത്തിൽ എത്തിച്ചേരുമ്പോൾ നമ്മിലുണ്ടാകുന്ന ഈ ഭാവമാണ് യഥാർത്ഥ അഹിംസ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |