തിരുവനന്തപുരം: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്, മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ഉയരുന്ന ആരോപണ പരമ്പരകള്‍ കോണ്‍ഗ്രസിനെ കൊണ്ടുചെന്നെത്തിച്ചിരക്കുന്നത് ഒട്ടും നല്ല അവസ്ഥയിലല്ല. തദ്ദേശപ്പോരിലും നിയമസഭയിലും എല്‍ഡിഎഫിനെ മറികടന്ന് ഒരു ദശാബ്ദത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ കോണ്‍ഗ്രസ് കഠിനാധ്വാനം ചെയ്യേണ്ടിവരും.
കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി സണ്ണി ജോസഫ് എത്തിയതിന് പിന്നാലെ നേതാക്കള്‍ പതിവ് പല്ലവി ആവര്‍ത്തിച്ചു. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും മുന്നണിയെ അധികാരത്തിലെത്തിക്കും. എന്നാല്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും കാര്യങ്ങള്‍ പുറമേ നിന്ന് കാണുന്നത് പോലെ ശാന്തമല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പടപ്പുറപ്പാട് ആരംഭിച്ചിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലും എതിര്‍ വിഭാഗത്തില്‍ നിന്നുള്ള സംഘമാണെന്ന് രാഹുല്‍ അനുകൂലികള്‍ കരുതുന്നു.
യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചതിന് പിന്നാലെ രാഹുല്‍ വിഭാഗവും അബിന്‍ വര്‍ക്കി വിഭാഗവും തമ്മില്‍ പോര് ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് പോര് മുറുകിയപ്പോള്‍ അഡ്മിന്‍ ഒണ്‍ലി സെറ്റിംഗ് ആക്റ്റിവേറ്റ് ചെയ്താണ് രംഗം ശാന്തമാക്കിയത്. തോളില്‍ കൈയിട്ട് നടന്നവന്റെ കുത്തിന് ആഴം കൂടും എന്ന തലക്കെട്ടോടെ അബിന്‍ വര്‍ക്കിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പങ്കുവയ്ച്ചു.
അബിന്‍ വര്‍ക്കിയെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് രാഹുല്‍ അനുകൂലികള്‍. ദേശീയ നേതൃത്വം കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. എന്തായാലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്തുക നേതൃത്വത്തെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരിക്കില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത്, ബിനു ചുള്ളിയില്‍ എന്നിവരില്‍ ഒരാളായിരിക്കും രാഹുലിന്‍ പകരമെത്തുകയെന്നാണ് കരുതുന്നത്. കെസി വേണുഗോപാലിന്റെ തീരുമാനവും നിര്‍ണായകമാകും.
കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എംപിമാര്‍
ഡല്‍ഹിയില്‍ അധികാരത്തിലെത്തിയില്ല, കേരളത്തില്‍ പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ അനുകൂല സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വണ്ടികയറണമെന്ന് മോഹിക്കുന്ന നിരവധി സിറ്റിംഗ് എംപിമാര്‍ കോണ്‍ഗ്രസിലുണ്ട്. അക്കൂട്ടത്തില്‍ മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്നവര്‍ വരെയുണ്ട്. അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, കെ സുധാകരന്‍, രാജ്‌മോഹന്‍ ഉ്ണ്ണിത്താന്‍ തുടങ്ങിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഈഴവ വിഭാഗത്തില്‍ നിന്ന് മറ്റ് പ്രമുഖ നേതാക്കള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശിന് മാത്രമായിരിക്കും ഇതില്‍ ഇളവ് ലഭിക്കുക. തന്റെ പഴയ തട്ടകമായ കോന്നിയിലേക്ക് അടൂര്‍ പ്രകാശ് മടങ്ങിയെത്താനാണ് സാദ്ധ്യത. തലസ്ഥാന ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലവും അദ്ദേഹത്തിനായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എന്നാല്‍ മറ്റ് എംപിമാരുടെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സാഹചര്യവും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലവും വിലയിരുത്തിയ ശേഷം മതി അക്കാര്യത്തില്‍ ചര്‍ച്ചകളെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരവും പാര്‍ട്ടിക്കുള്ളിലുണ്ട്. അധികാരത്തിലെത്തിയാല്‍ ആര് നയിക്കുമെന്ന ചര്‍ച്ച ഇപ്പോഴേ നടക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിനും അനുകൂല നിലപാടല്ല.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ലീഗിന് കനത്ത അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത് വേളയില്‍ കോണ്‍ഗ്രസ് നേതൃത്വം എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ലീഗിന്റെ നിലപാട്. യൂത്ത് കോണ്‍ഗ്രസിലെ ചേരിപ്പോര് എത്രയും വേഗം അവസാനിപ്പിക്കണമെന്നും ലീഗ് മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം.
യൂത്ത് കോണ്‍ഗ്രസിലെ തമ്മില്‍തല്ല്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ സ്ത്രീ വിഷയമാണെങ്കിലും അതിന് മുമ്പ് തന്നെ അദ്ധ്യക്ഷനെതിരെ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് രാഹുലിനെതിരെ പരസ്യമായി മറ്റുള്ളവര്‍ രംഗത്ത് വന്നത്. രാഹുല്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി സ്വന്തം ഇമേജ് നോക്കി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
തൊടുപുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പില്‍ പ്രസംഗിച്ചതിന് ശേഷം വേദിവിട്ടത് വലിയ വിവാദമായിരുന്നു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് നിലപാടില്‍ രാഹുലിനെ തിരിച്ച് എത്തിക്കുകയായിരുന്നു. വയനാട് ദുരിതാശ്വാസത്തിന്റെ ഭാഗമായി സംഘടനയില്‍ കൂടിയാലോചന നടത്താതെ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതും എതിര്‍ വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. പാലക്കാട് കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിനെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്. രാഹുലിനെ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന് മത്സരിപ്പിച്ചത് ഷാഫിയുടെ നിര്‍ബന്ധം കാരണമാണ്.
രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫി പറമ്പിലാണ്. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഉപതിരഞ്ഞെടുപ്പില്‍ ഷാഫിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനെ പോലും മാറ്റി നിര്‍ത്തി രാഹുലിനെ മത്സരിപ്പിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ അദ്ധ്യക്ഷന സ്ഥാനം രാജിവച്ചുവെങ്കിലും ഷാഫി പറമ്പില്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |