തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സർക്കാർ വിജ്ഞാപനമിറക്കി . സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് വിജ്ഞാപനമിറക്കിയത്.
10വർഷം പ്രൊഫസറായി പരിചയമുള്ള അക്കാഡമിക് വിദഗ്ദ്ധർക്ക് നാലാഴ്ചയ്ക്കകം തപാലിലോ നേരിട്ടോ ഇ-മെയിലിലോ അപേക്ഷിക്കാം. ഈ അപേക്ഷകൾ സുപ്രീംകോടതി നിയോഗിച്ച റിട്ട. ജഡ്ജി സുധാൻഷു ധൂലിയയ്ക്ക് കൈമാറും. സർക്കാരും ഗവർണറും നൽകിയ പാനലിൽ നിന്ന് 2 പേരെ വീതം ഉൾപ്പെടുത്തി അദ്ദേഹം സെർച്ച് കമ്മിറ്റി രൂപീകരിക്കും. സർക്കാർ നൽകുന്ന അപേക്ഷകൾ പരിശോധിച്ച് സെർച്ച് കമ്മിറ്റി പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറും. അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
അതേസമയം, മുൻഗണനാ ക്രമം മുഖ്യമന്ത്രി നിശ്ചയിക്കുന്നതോടെ വി.സി നിയമനത്തിൽ സർക്കാർ ഇടപെടൽ വ്യക്തമാവുമെന്നും, ഇത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും ഗവർണർ എതിർപ്പുന്നയിക്കുന്നു. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയെ കോടതി ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി യുജിസിയും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |