മുംബയ്: വാട്‌സാപ്പിലെത്തിയ വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്ടമായത് 1,90,000 രൂപ. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലാണ് സംഭവം നടന്നത്. ഒരു അജ്ഞാത നമ്പറിൽ നിന്ന് സർക്കാർ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് വിവാഹം ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം വന്നത്. 30-ാം തീയതി തന്റെ വിവാഹമാണ് നിങ്ങൾ വരണമെന്നായിരുന്നു സന്ദേശം. ഇതിന് താഴെ ഒരു പിഡിഎഫും ഉണ്ടായിരുന്നു. വിവാഹ ക്ഷണക്കത്തെന്ന് പി.ഡി.എഫിൽ എഴുതിയിരുന്നു.
എന്നാൽ പി.ഡി.എഫ് തുറന്നതോടെ ഉപയോക്താവിന്റെ ഫോണിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്തു. പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 1,90,000 രൂപ തട്ടിപ്പുകാർ സ്വന്തമാക്കി. പണം നഷ്ടമായ വിവരമറിഞ്ഞ ജീവനക്കാരൻ പൊലീസ് സ്റ്റേഷനിലും സെെബർ സെലിലും പരാതി നൽകി. കഴിഞ്ഞ വർഷം മുതലാണ് വിവാഹത്തിന്റെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഈ വർഷം നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം പി.ഡി.എഫുകൾ ഓപ്പൺ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ പെലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |