വ്യോമയാന ഉച്ചകോടിക്ക് തുടക്കം
നെടുമ്പാശേരി: സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് നെടുമ്പാശേരിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി അഭിപ്രായപ്പെട്ടു.
എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ചർച്ചയിൽ തുമ്പി ഏവിയേഷൻ സി.എം.ഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെ. എൻ.ജി. നായർ മോഡറേറ്ററായിരുന്നു. ഇ മൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയർ ടാക്‌സികളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സർള ഏവിയേഷൻ വൈസ് പ്രസിഡൻറ് പായൽ സതീഷ് പറഞ്ഞു. കേരളത്തിൽ വിപുലമായ സാദ്ധ്യതയുതിനാൽ സിയാൽ ഓപ്പറേഷണൽ ഹബായി എയർ ടാക്സി തുടങ്ങാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സീ പ്ലെയ്ൻ ഓപ്പറേഷൻ നടത്തുന്നതിനായി കൂടുതൽ അടിസ്‌ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഒഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആർ.എസ്.ഒ പ്രതിനിധി സയ്ദ് കമ്രാൻ ഹുസൈൻ പറഞ്ഞു.
ഇവിറ്റോളുകൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും ചെറിയ റൺവേ മതിയെന്നതിനാൽ കേരളത്തിൽ ഏറെ സാധ്യതയുണ്ട്. കേരളത്തിലെ റോഡുകൾക്ക് ഇരുവശവും സ്‌ഥലങ്ങൾ ലഭ്യമല്ലാത്തതിനാൽ ചെറിയ ഹെലിക്കോപ്ടറുകൾ ഉണ്ടാക്കിയാൽ ഗതാഗത സുഗമമാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.
സീപ്ളെയിനുകൾ വലിയ അവസരം
സീപ്ലെയ്നുകൾക്ക് ടൂറിസം മേഖലയിൽ നിർണായക മാറ്റങ്ങൾ വരുത്താനാകുമെന്നാണ് വിലയിരുത്തുന്നത്. ജലസ്രോതസ്സുകളും ഡാമുകളുമുള്ളതിനാൽ കേരളത്തിന് ഏറെ അനുയോജ്യമാണ്. ഹെലികോപ്റ്റർ ഓപ്പറേഷനായി കൂടുതൽ ഹെലിപാഡുകൾ വേണം. ഒറ്റ എൻജിൻ ഹെലികോപ്റ്ററുകൾക്ക് റൂഫ് ടോപ്പുകളിൽ നിന്ന് പറന്നുയരാനുള്ള അനുമതി നൽകണമെന്ന് മാത്രം.
റോഡുകൾക്കായി അടിസ്‌ഥാന സൗകര്യം ലഭ്യമല്ലാത്ത സ്‌ഥലങ്ങളിൽ സീ പ്ലെയ്ൻ അനുയോജ്യം
സുനിൽ നാരായൺ
സി.എം.ഡി
ചിപ്‌സൺ
കേരളം സിവിൽ ഏവിയേഷൻ ഹബ്ബാകുമെന്ന് മുഖ്യമന്ത്രി
രാജ്യത്തെ സിവിൽ ഏവിയേഷൻ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യോമഗതാഗതം ശക്തിപ്പെടുന്നതോടെ കൂടുതൽ വിനോദസഞ്ചാരികളെത്തും.
ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യോമയാന രംഗത്തെ ജനകീയ മാതൃകയായ സിയാൽ 30,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും സാങ്കേതിക മാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, ബെന്നി ബഹനാൻ എം.പി, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |