തിരുവനന്തപുരം: യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ആത്മീയാചാര്യന്മാരുടെ പട്ടികയിൽ. ആത്മീയവും ബൗദ്ധികവുമായി ഉന്നത ശീർഷരായ സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ എന്നിവർക്കൊപ്പമാണ് ഗുരുവിനെയും ഉൾപ്പെടുത്തിയത്.
അതേസമയം, സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണ ഗുരുവില്ല. സ്വാമി ദയാനന്ദ സരസ്വതി, ജ്യോതിബ ഫൂലെ, ബി.ആർ അംബേദ്കർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ കോഴ്സിന്റെ മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്സ് എന്ന പേപ്പറിന്റെ മാതൃകാ സിലബസിലാണിത്. ദേശീയ പ്രസ്ഥാനമെന്ന വിഭാഗത്തിൽ ബാലഗംഗാധര തിലകനെയും മഹാത്മാ ഗാന്ധിയെയും ഉൾപ്പെടുത്തി. രാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം സോഷ്യലിസ്റ്റുകളുടെ കൂട്ടത്തിലാണ് നെഹ്‌റുവിന്റെ സ്ഥാനം. ‘ദേശീയവാദി’കളെക്കുറിച്ചുള്ള പാഠത്തിൽ സവർക്കർക്കു പുറമേ, ദീൻദയാൽ ഉപാധ്യായയും ഇടം പിടിച്ചു.
മാതൃകാ പാഠ്യപദ്ധതിയിൽ കെമിസ്ട്രിയുടെ മുൻ പേജിൽ യു.ജി.സിയുടെ എംബ്ലത്തിന് പകരം സരസ്വതീ ദേവിയുടെ ചിത്രമാണ് . മറ്റ് 8 വിഷയങ്ങളുടെ തുടക്കത്തിലും യു.ജി.സിയുടെ എംബ്ലമാണ്. സരസ്വതി ദേവിയുടെ ചിത്രത്തിനൊപ്പം വരങ്ങളുടെ ദാതാവും ആഗ്രഹങ്ങളുടെ പൂർത്തീകരണക്കാരിയുമായ സരസ്വതി ദേവിക്ക് നമസ്കാരം. ഹേ ദേവീ..ഞാൻ എന്റെ പഠനം ആരംഭിക്കുമ്പോൾ, ദയവായി എനിക്ക് എല്ലായ്പ്പോഴും ശരിയായ ധാരണയുടെ കഴിവ് നൽകണമേ’ എന്ന പ്രാർത്ഥനയും ഉൾപ്പെടുത്തി. കെമിസ്ട്രിയിൽ കെമിക്കൽ നോളജ് ഇൻ വേദാസ് എന്ന അധ്യായത്തിൽ ‘കുണ്ഡലിനി’ സങ്കൽപം, കണാദ മഹർഷിയുടെ അറ്റോമിക് തിയറി, വേദങ്ങളിലെ ലോഹശാസ്ത്രം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെമിസ്ട്രിയിൽ റഫറൻസിനായി ഉൾപ്പെടുത്തിയ പുസ്തകങ്ങളിൽ ഒന്ന് ‘ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി’ എന്നതാണ്. മാത്തമാറ്റിക്സിൽ ‘വേദിക് മാത്തമാറ്റിക്സിലെ സൂത്ര’, നാരദ പുരാണത്തിലെ മാത്തമാറ്റിക്സ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസിന്റെ ചട്ടക്കൂടിൽ ഹിന്ദുമഹാസഭ നേതാവായിരുന്ന വി.ഡി. സവർക്കർ, ജനസംഘം സ്ഥാപക നേതാവ് ദീൻദയാൽ ഉപാധ്യായ
എന്നിവരുടെ ജീവചരിത്രവുമുണ്ട്.
നിർദ്ദേശങ്ങൾ
സെപ്തം.20 വരെ
പുതിയ പാഠ്യ പദ്ധതിയുടെ കരടിൽ പൊതുജനങ്ങൾക്കും വിദ്യാഭ്യാസ വിദഗ്ദ്ധർക്കും ഉൾപ്പെടെ നിർദ്ദേശങ്ങൾ സെപ്തംബർ 20ന് മുൻപ് അറിയിക്കാം. അതിനു ശേഷമാകും കരിക്കുലം അന്തിമമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |