മൺചട്ടികളുടെയും മൺകലങ്ങളുടെയും കാലം കഴിഞ്ഞു. ഇന്ന് അടുക്കള ഭരിക്കുന്നത് സ്റ്റീൽ, അലുമിനിയം, നോൺ സ്റ്റിക്ക് പാത്രങ്ങളും കുക്ക്‌വെയറുകളുമാണ്. എന്നാൽ നോൺസ്റ്റിക് പാത്രങ്ങളിലെ പാചകം നിരവധി രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നതായുള്ള പഠന റിപ്പോർട്ടുകൾ പുറത്തുവന്നത് ആശങ്കയുയർത്തിയിരുന്നു. നോൺസ്റ്റിക് പാത്രങ്ങളിലെ കാർബൺ, പാചകത്തിനിടെ ഭക്ഷണസാധനങ്ങളിൽ കലരുന്നു എന്നാണ് പഠന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. ഇത് ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.
തലമുറകളായി ഇന്ത്യൻ അടുക്കളകളിൽ കളിമൺ, പിച്ചള, ചെമ്പ് പാത്രങ്ങളായിരുന്നു ഉപയോഗിച്ചുവരുന്നിരുന്നത്. ഇവയുടെ ആരോഗ്യപരമായ ഗുണങ്ങളായിരുന്നു പ്രധാന കാരണം. എന്നാൽ മോഡേൺ പാത്രങ്ങളുടെ കടന്നുവരവോടെ ഇവയുടെ ഉപയോഗം നിലച്ചു. ഇതോടെ രോഗങ്ങളും പിടിമുറുക്കിത്തുടങ്ങി. ഇതുകണക്കിലെടുത്ത് ഇന്ത്യൻ നിർമാണ രംഗത്തെ സാരമായി ബാധിക്കുന്ന തീരുമാനം യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) സ്വീകരിച്ചിരിക്കുകയാണ്.
ഈ ഉത്‌പന്നം വേണ്ട
ഇന്ത്യൻ കമ്പനിയായ സരസ്വതി സ്ട്രിപ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന പാചക പാത്രങ്ങളിൽ ഏജൻസി ആശങ്ക ഉന്നയിച്ചിരിക്കുകയാണ്. ഈ ഉത്പന്നങ്ങൾ അപകടകരമായ അളവിൽ ലെഡ് (ഈയം) പുറത്തുവിടാൻ സാദ്ധ്യതയുണ്ടെന്നാണ് യുഎസ്എഫ്ഡിഎ ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒരു വിഷ ഘന ലോഹമാണ് ലെഡ്.
"ശുദ്ധമായ അലുമിനിയം പാത്രങ്ങൾ" എന്ന പേരിൽ വിപണിയിൽ എത്തിക്കുകയും 'ടൈഗർ വൈറ്റ്' എന്ന ബ്രാൻഡിന് കീഴിൽ വിൽക്കുകയും ചെയ്യുന്ന ഉത്പന്നങ്ങൾ പാചകത്തിൽ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് യുഎസ്എഫ്ഡിഎ അറിയിക്കുന്നത്. ഇൻഡാലിയം/ഇൻഡോലിയം അല്ലെങ്കിൽ ഹിൻഡാലിയം/ഹിൻഡോലിയം എന്നറിയപ്പെടുന്ന പിച്ചള, അലുമിനിയം, അലുമിനിയം ലോഹസങ്കരങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച് ഇറക്കുമതി ചെയ്ത കുക്ക്‌വെയറുകൾ യുഎസ്എഫ്ഡിഎ പരിശോധിച്ചിരുന്നു. അവയിൽ അപകടകരമാം വിധം ഉയർന്ന അളവിൽ ലെഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. റീട്ടെയിലർമാർ ഇത്തരം ബ്രാൻഡുകൾ വിൽക്കരുതെന്നും പാചകത്തിനും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനും ഇവ ഉപയോഗിക്കരുതെന്നും യുഎസ്എഫ്ഡിഎ മുന്നറിയിപ്പ് നൽകി.
ബ്രാൻഡ്: പ്യുയർ അലുമിനിയം യുട്ടെൻസിൽസ്
ഉത്‌പന്നത്തിന്റെ പേര്: ടൈഗർ വൈറ്റ്
ട്രേഡ്‌മാർക്ക് നമ്പർ: RTM No. 2608606
സർട്ടിഫിക്കേഷൻ ക്ളെയിം: ISO 9001:2015 സർട്ടിഫൈഡ് കമ്പനി
മാനുഫാക്‌ച്വറർ: സരസ്വതി സ്ട്രിപ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
ലെഡ് അപകടകരമാകുന്നതിങ്ങനെ
വിഷാംശമുള്ള ഘനലോഹമാണ് ലെഡ് അഥവാ ഈയം. വളരെ ചെറിയ അളവിൽ ആണെങ്കിൽ പോലും പതിവായി ഉള്ളിൽ ചെല്ലുന്നത് ദീർഘകാലത്തിൽ ദോഷം വരുത്തും. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, അലുമിനിയം പാത്രങ്ങളിലെ ലെഡിന്റെ അളവ് പലപ്പോഴും 100 പാർട്സ് പെർ മില്യൺ (പിപിഎം) മറികടക്കുന്നതായി കണ്ടെത്തി. പല കേസുകളിലും, ഭക്ഷണം പാകം ചെയ്യുമ്പോഴോ അവയിൽ സൂക്ഷിക്കുമ്പോഴോ ശുപാർശ ചെയ്യുന്ന ഭക്ഷണ പരിധിയേക്കാൾ ഉയർന്ന അളവിൽ ഈയം പുറത്തുവിടുന്നു.
പതിവായി ലെഡ് കലർന്ന ഭക്ഷണം കഴിക്കുന്നത് ക്രമേണ രക്തത്തിലെ ലെഡിന്റെ അളവ് വർദ്ധിപ്പിക്കും. കുട്ടികളിലായി ഇത് ഏറ്റവും അധികം ബാധിക്കുന്നത്. ഇത് കുട്ടികളുടെ ബുദ്ധിവളർച്ചയെയും പഠനമികവിനെയും പ്രതികൂലമായി സ്വാധീനിക്കും. ഗർഭിണികളായ സ്ത്രീകളിലും ഗർഭസ്ഥ ശിശുക്കളിലുമാണ് ഏറ്റവും ഉയർന്ന അപകടസാദ്ധ്യതയുള്ളത്.
ലെഡ് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും മാത്രമല്ല, രക്തം, വൃക്കകൾ, ഹൃദയം എന്നിവയെയു പ്രതികൂലമായി ബാധിക്കുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും വൃക്ക രോഗത്തിനുവരെ കാരണമാവുകയും ചെയ്യുന്നു. ഇത് മാലിന്യങ്ങൾ അരിച്ചെടുക്കാനുള്ള വൃക്കകളുടെ കഴിവിനെ ദുർബലപ്പെടുത്തുകയും ക്രോണിക് കിഡ്നി ഡിസീസിലേയ്ക്ക് (സികെഡി) നയിക്കുകയും വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതുകൂടാതെ, തളർച്ച, തലവേദന, വയറുവേദന, ഛർദ്ദി, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും അനുഭവപ്പെടുന്നു. കുട്ടികളിൽ, ഇത് വളർച്ചാ മുരടിപ്പ്, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയ്ക്കും കാരണമാവുന്നു. രക്തത്തിൽ ലെഡിന്റെ അളവ് ക്രമാതീതമായതായി ശ്രദ്ധയിൽപ്പെട്ടാൽ താമസിയാതെ വൈദ്യസഹായം തേടണമെന്നാണ് യുഎസ്എഫ്ഡിഎ നിർദേശിക്കുന്നത്.
പാചകത്തിന് ഏറ്റവും സുരക്ഷിതം മൺപാത്രങ്ങളാണെന്നാണ് ഐസിഎംആർ പറയുന്നത്. ഇവയിൽ പാചകം ചെയ്യുന്നതിന് കുറഞ്ഞ അളവിൽ മാത്രമേ എണ്ണ ആവശ്യമുള്ളൂ. മാത്രമല്ല, താപ വിതരണം തുല്യമായതിനാൽ ഭക്ഷണത്തിന്റെ പോഷക സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |