മുംബയ്: ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. രാജ്യത്തെ വിവിധ മേഖലകളിലും അദ്ദേഹം വ്യവസായം വ്യാപിപ്പിച്ചിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻസ് ശൃംഖലകൾ, റീടെയ്ൽ, എണ്ണശുദ്ധീകരണം എന്നീ മേഖലകളിൽ നിന്ന് മികച്ച വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് കൊയ്യുന്നത്. കോർപ്പറേറ്റ് മേഖലയിൽ സജീവമായി നിലനിൽക്കുന്ന മുകേഷ് അംബാനിക്ക് ഒരു മാമ്പഴത്തോട്ടമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടമായ 'ധീരുഭായ് അംബാനി ലഖിബാഗ് അമ്രയി' റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. ഗുജറാത്തിലെ ജാംനഗറിലാണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത്. 200ൽ അധികം ഇനം മാമ്പഴങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരിൽ ആദ്യസ്ഥാനത്തുളളത് റിലയൻസിന്റെ ഈ സംരംഭമാണ്. 1990ൽ പാരിസ്ഥിതിക മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസിന് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു. ഈ സമയത്താണ് റിലയൻസ് ഇൻഡസ്ട്രീസ് മറ്റ് ഭീമൻ കമ്പനികൾ സ്വീകരിച്ച മാതൃകകളിൽ നിന്ന് വേറിട്ട രീതിയിൽ മാമ്പഴ കൃഷി ആരംഭിച്ചത്.
ഇന്ന് കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന സംരംഭമായി മാമ്പഴകൃഷി മാറി. 1997ൽ കോപ്പറേറ്റ് കമ്പനികൾ എണ്ണ വിപണികളിലും ഡോട്ട് കോം ബിസിനസുകളിലും ശ്രദ്ധ വ്യാപിപ്പിച്ചപ്പോൾ റിലയൻസ് ജാം നഗറിനടുത്തുളള 600 ഏക്കർ ഭൂമിയിൽ കാർഷിക സംരംഭം ആരംഭിക്കുകയായിരുന്നു. ഇന്ത്യയുടെ സമ്പന്നമായ മാമ്പഴ കൃഷി പൈത്യകത്തിന്റെ തുടർച്ചയുടെ ഭാഗമായിരുന്നു അവരുടെ ഈ തീരുമാനം. എന്നാൽ ജാംനഗറിലെ പ്രതികൂലമായ കാലാവസ്ഥ അംബാനിയുടെ തീരുമാനത്തിന് എതിരാകുമോയെന്ന സംശയമുണ്ടായിരുന്നു.
പക്ഷെ റിലയൻസ് എഞ്ചിനീയറിംഗ് കൃത്യതയോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ജാംനഗറിൽ ലഭ്യമായ ജലത്തിൽ നിന്ന് ഉപ്പ് നീക്കം ചെയ്യുന്നതിനായി അലർ ഡീസലൈനേഷൻ പ്ലാന്റ് സ്ഥാപിച്ചു. സസ്യങ്ങളുടെ വേരുകളിലേക്ക് നേരിട്ട് പോഷകങ്ങൾ എത്തിക്കുന്നതിനായി, ഫെർട്ടിഗേഷൻ അവതരിപ്പിച്ചു. ഈ മാമ്പഴത്തോട്ടത്തിൽ 1.3 ലക്ഷത്തിലധികം മരങ്ങൾ വളരുന്നുണ്ട്. ഇന്ത്യയിലുളതും വിദേശത്തുളളതുമായ 200 ഇനം മാമ്പഴ ഇനങ്ങൾ വളരുന്നുണ്ട്. പ്രതിവർഷം 600 ടൺ മാമ്പഴമാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. മുംബയിലെ ഗൌർമെറ്റ് സ്റ്റോറുകൾ മുതൽ മിഡിൽ ഈസ്റ്റിലേയും യൂറോപ്പിലേക്കും വരെ കയറ്റുമതി ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |