കോഴിക്കോട്: നടുറോഡിൽ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ആൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്ച വെെകിട്ട് നാലുമണിക്കാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. തിരുവമ്പാടി സ്വദേശി ശിഹാബുദ്ദീനാണ് സ്ത്രീയെ ചവിട്ടിയത്. ഇയാൾ മദ്യലഹരിയിലാണ് ആക്രമിച്ചതെന്നാണ് വിവരം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുസ്ത്രീകളിൽ ഒരാളുമായി ആദ്യം ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ ഒരു സ്ത്രീ കാലിലെ ചെരുപ്പ് ഊരി ഇയാളെ അടിക്കാനോങ്ങുന്നുണ്ട്. ഇത് കണ്ട് പ്രകോപിതനായ ശിഹാബുദ്ദീൻ ഓടിയെത്തി സ്ത്രീയുടെ പുറകിൽ ചവിട്ടിവീഴുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വീണശേഷം എഴുന്നേറ്റ സ്ത്രീയെ ഇയാൾ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തിൽ സ്ത്രീ പരാതി നൽകിയിട്ടില്ല. മദ്യപിച്ചെത്തി പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |