കൊച്ചി: അഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തുന്നതിനാൽ പുതിയ വിപണികൾ കണ്ടെത്താൻ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാർ തയ്യാറെടുക്കുന്നു. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയായ അമേരിക്കയിലെ പകരച്ചുങ്കവും പിഴച്ചുങ്കവും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പുതിയ നീക്കം. യു.കെ, റഷ്യ, യൂറോപ്യൻ യൂണിയൻ, വടക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ വിപണികളിലേക്ക് വ്യാപാരം വികസിപ്പിക്കാനാണ് ഒരുങ്ങുന്നതെന്ന് മറൈൻ പ്രോഡക്ട് എക്‌സ്‌പോർട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി(എം.പി.ഇ.ഡി.എ) ചെയർമാൻ ഡി.വി. സ്വാമി പറഞ്ഞു.
അമേരിക്കയിലെ പകരച്ചുങ്കം താത്കാലിക പ്രതിസന്ധി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികൾ മറികടന്ന് മുന്നോട്ട് പോകണം. പ്രതിസന്ധി നേരിടുന്നവർക്ക് മൊറട്ടോറിയമടക്കം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16,98,170 ടൺ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഇന്ത്യ 62,408.45 കോടി രൂപയാണ് നേടിയത്. വനാമി, ബ്ലാക്ക് ടൈഗർ, സ്‌കാമ്പി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും വർദ്ധനയുണ്ടായി.
ചെമ്മീൻ കയറ്റുമതി
രാജ്യം - അളവ്(ടണ്ണിൽ)
അമേരിക്ക- 3,11,948
ചൈന -1,36,164
യൂറോപ്യൻ യൂണിയൻ-99,310
തെക്കുകിഴക്കൻ ഏഷ്യ-58,003
ജപ്പാൻ- 38,917
മിഡിൽ ഈസ്റ്റ് -32,784
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |