
തിരുവനന്തപുരം: രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ കേന്ദ്രമായി വളരാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പിന്റെ 'വിഷൻ 2031' രേഖ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. വ്യവസായ ഇടനാഴികൾ, ഇന്നൊവേഷൻ ഹബ്ബുകൾ തുടങ്ങിയവ നടപ്പാക്കും.
വ്യവസായ ടൗൺഷിപ്പുകളും പ്രത്യേക നിക്ഷേപ മേഖലകളും സ്ഥാപിക്കുന്നതിന് ഏകജാലക ക്ലിയറൻസ് ബോർഡ് നിയമം ഭേദഗതി ചെയ്യും. ഭാവിയിലെ വ്യാവസായിക ആവശ്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ യുവജനങ്ങളെ സജ്ജരാക്കാൻ പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) കേരള യൂണിവേഴ്സിറ്റി ഫോർ സ്‌കിൽ ഡെവലപ്പ്മെന്റ് ആൻഡ് ഓട്രപണർഷിപ്പ് (നൈപുണ്യ, വികസന സംരംഭക സർവകലാശാല) സ്ഥാപിക്കും.
പ്രധാന ലക്ഷ്യങ്ങൾ
1.വിഴിഞ്ഞം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ യാഥാർത്ഥ്യമാക്കും. തുറമുഖാധിഷ്ഠിത സ്മാർട്ട് വ്യാവസായങ്ങൾ വികസിപ്പിക്കുന്നതിന് 1,700 ഏക്കറിൽ വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാ ത്രികോണം (ഗ്രോത്ത് ട്രയാംഗിൾ) ആരംഭിക്കും
2. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ പ്രധാന ഘടകമായി 358 ഏക്കറിൽ കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതി. ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കോർപ്പറേറ്റ് ആസ്ഥാനങ്ങളെയും ആകർഷിക്കുന്ന ഈ കേന്ദ്രത്തിലൂടെ 1.20 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 3.6 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും.
3. കോഴിക്കോട് -മലപ്പുറം വ്യാവസായിക ക്ലസ്റ്ററിൽ ബയോടെക് ആൻഡ് ലൈഫ് സയൻസസ് ക്യാംപസും ഇ.എസ്.ഡി.എം. (ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്) ആൻഡ് പവർ ഇലക്‌ട്രോണിക്സ് ക്യാംപസും സ്ഥാപിക്കും.
4. റോബോട്ടിക്സ് ഉത്പാദനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോബോട്ടിക്സ് പാർക്കും, ജെം ആൻഡ് ജുവലറി പാർക്കും തൃശൂരിൽ സ്ഥാപിക്കും. വയനാട് കോഫി പാർക്കും പാലക്കാട് ഗ്രഫീൻ അറോറ പാർക്കും വിഷൻ 2031 ന്റെ ഭാഗമാണ്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |