തിരുവനന്തപുരം : ഓണത്തിന് വിഭവസമൃദ്ധമായ സദ്യയൊരുക്കാൻ ഒരുങ്ങി കുടുംബശ്രീ. വാഴയിലയിൽ ഇരുപതിലേറെ വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയാണ് കുടുംബശ്രീയുടെ സംരംഭക ഗ്രൂപ്പുകൾ ഒരുക്കുന്നത്. ഓണക്കാലത്തെ കുടുംബശ്രീ മിഷന്റെ ഈ പ്രത്യേക പദ്ധതി, ശുചിത്വവും ഗുണമേന്മയും ഉറപ്പാക്കുന്നു.
പപ്പടം, ഉപ്പേരി, അച്ചാറുകൾ, തോരൻ, അവിയൽ, പുളിശ്ശേരി, സാമ്പാർ, കാളൻ, ഓലൻ തുടങ്ങി ഇരുപതിലേറെ വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ ഇഷ്ടപ്പെട്ട പായസങ്ങളും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്യുന്നതനുസരിച്ചാണ് സദ്യകൾ ലഭ്യമാക്കുക. തിരുവോണദിവസം ആവശ്യക്കാർക്ക് സദ്യ നൽകും. വീടുകളിലേക്ക് ഡെലിവറി ഉണ്ടാവില്ല.
14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് സദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് ഒരു സദ്യക്ക് 180 രൂപ മുതൽ 300 രൂപ വരെയാണ് നിരക്ക്. അതത് ജില്ലകളിലെ ബന്ധപ്പെട്ട സിഡിഎസുകളിൽ നേരിട്ടോ കോൾ സെന്ററുകൾ വഴിയോ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം. ഓണത്തിന് കുടുംബശ്രീ ഒരുക്കുന്ന ഈ സംരംഭം ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തുക മാത്രമല്ല, പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471 255 4714.
വയനാട് ജില്ലയിൽ കുടുംബശ്രീയുടെ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്‍റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്. 28 വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 300 രൂപയാണ് വില. രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഭവങ്ങളുടെ എണ്ണം അനുസരിച്ചു 180 രൂപ മുതൽ 300 രൂപ വരെയുള്ള നാല് തരം സദ്യകൾ തിരെഞ്ഞടുക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |