തൃശൂർ : ഓണക്കാലത്ത് ആർപ്പുവിളികളും കൈയിൽ കുറുവടികളുമായെത്തുന്ന കുമ്മാട്ടികൾക്കുള്ള പർപ്പടക പുല്ലിന് ക്ഷാമം. ശിവന്റെ ഭൂതഗണങ്ങളെന്ന് അറിയപ്പെടുന്ന കുമ്മാട്ടികൾ ഓണക്കാല കാഴ്ച്ചകളിൽ കൗതുകമാണ്. ഔഷധഗുണമുള്ള പർപ്പടക പുല്ല് ദേഹത്ത് ചുറ്റിയാണ് കുമ്മാട്ടികൾ ഇറങ്ങുക.
വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന പർപ്പടകപ്പുല്ലുകൾ ഇപ്പോൾ മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം തുടങ്ങി ഏതാനും ജില്ലകളിൽ മാത്രമാണുളളത്.
വിവിധ ഭാഗങ്ങളിലുള്ള കുമ്മാട്ടി സംഘങ്ങൾ ഇത് തേടിയെത്തുന്നുണ്ട്. ചില വർഷങ്ങളിൽ കേരളം കടന്ന് തമിഴ് നാട്ടിലേക്കും പോകേണ്ടി വരുന്നതായി കുമ്മാട്ടി സംഘങ്ങൾ പറയുന്നു .മാസങ്ങൾക്ക് മുമ്പ് പർപ്പടക പുല്ല് തേടിയുള്ള യാത്ര ആരംഭിക്കും. പറിച്ചെടുത്ത ശേഷം വീണ്ടും നട്ട് വാടാതെ സൂക്ഷിക്കും. പ്രശസ്തമായ കിഴക്കുംപാട്ടുകര കുമ്മാട്ടിയിൽ അമ്പതിലേറെ കുമ്മാട്ടികളാണ് അണിനിരക്കുക.
ഓരോ കുമ്മാട്ടിയെ ഒരുക്കാനും വലിയ ചാക്ക് പുല്ല് ആവശ്യമാണ്. മറ്റ് പുല്ലുകൾ ദേഹത്ത് ചുറ്റിയാൽ ചൊറിച്ചിൽ അനുഭവപ്പെടും. വെയിലേറ്റാൽ സുഗന്ധം പരത്തുന്ന പുല്ല് കൂടിയാണിത്. എകദേശം എട്ട് മണിക്കൂറോളം ദേഹത്ത് ചുറ്റി മുഖംമൂടി ധരിച്ചാണ് ഊര് ചുറ്റലിന് കുമ്മാട്ടികൾ ഇറങ്ങുക. ഓരോ കുമ്മാട്ടികളെയും ഒരുക്കാൻ അമ്പതിനായിരത്തിലേറെ രൂപ ചെലവ് വരും. പതിനായിരങ്ങൾ ചെലവഴിച്ചാണ് മുഖം മൂടികൾ തയ്യാറാക്കുന്നത്. പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങളാണ് ഉപയോഗിക്കുക.
പർപ്പടക പുല്ല്
10-15 സെ.മീ വരെ ഉയരത്തിൽ വളരുന്ന ചെറിയ ചെടിയാണ്. ഇലകൾ വളരെ വീതി കുറഞ്ഞവയാണ്. സംസ്‌കൃതത്തിൽ പർപ്പട, ജ്വരഘ്‌ന എന്നിങ്ങനെയും ഇംഗ്ലീഷിൽ ഡയമണ്ട് ഫ്‌ളവർ എന്നുമാണ് പേര്. പർപ്പടക പുല്ല് കഷായത്തിനും ഉപയോഗിക്കും.
പരമ്പരാഗത കുമ്മാട്ടി സംഘങ്ങളെല്ലാം പർപ്പടക പുല്ല് ഉപയോഗിച്ചാണ് കുമ്മാട്ടികളെ ഒരുക്കുന്നത്. ഓണമെത്തും മുമ്പ് ഇവ ശേഖരിക്കാൻ ഇറങ്ങും. പല സംഘങ്ങളായി തിരിഞ്ഞാണ് പുല്ല് ശേഖരിക്കുന്നത്.
സുരേന്ദ്രൻ ഐനിക്കുന്നത്
പ്രസിഡന്റ്
കിഴക്കുംപാട്ടുംകര വടക്കുംമുറി ദേശ കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |