കൊച്ചി: കേരളതീരത്തെ റെഡ്ടൈഡ് പ്രതിഭാസം (തീരത്തോട് ചേർന്ന് സമുദ്രജലത്തിലുണ്ടാകുന്ന നിറവ്യത്യാസം) മത്സ്യലഭ്യതയെ ബാധിച്ചു. കോഴിക്കോട്, തൃശൂർ, എറണാകുളം തീരത്താണ് ചുവപ്പ് കടൽ പ്രതിഭാസം വ്യാപകം. മേയ് 31ന് നിരോധനം നീങ്ങിയതിന് അടുത്ത ദിവസങ്ങളിൽ മീൻ കിട്ടിയിരുന്നു. പിന്നീട് കിളിമീനും കണവയും കുറഞ്ഞു. ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും വടക്കൻകേരളത്തിലെ ബോട്ടുകൾക്കും വള്ളങ്ങൾക്കും കിളിമീനും കണവയും കുറയാൻ കാരണമിതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.മുനമ്പത്ത് കഴിഞ്ഞവർഷം കിട്ടിയതിന്റെ പകുതി മീനേ ഇപ്പോഴുള്ളു. വള്ളങ്ങൾക്കും ചൂണ്ട വള്ളങ്ങൾക്കും കിട്ടാറുള്ള അയലയും മത്തിയും നെയ്മീനും കുറഞ്ഞു.
കൊല്ലം പരപ്പിൽ ആവശ്യത്തിന് മീൻ
വർക്കല മുതൽ അമ്പലപ്പുഴവരെയുളള കൊല്ലം പരപ്പ് സമുദ്രമേഖലയിൽ കണവ, കിളിമീൻ, ഉലുവമീൻ, കരിക്കാടി,നാരൻ എന്നിവ ലഭ്യമാണ്.ഇവിടെ ചുവപ്പ്കടൽ കാര്യമായി അനുഭവപ്പെട്ടില്ല. തമിഴ്നാട്ടിലെ മുട്ടം, കുളച്ചിൽ, തേങ്ങാപട്ടണം മേഖലകളിലെ ബോട്ടുകളും കൊല്ലം പരപ്പിൽ എത്താറുണ്ട്.
വില്ലൻ നോക്റ്റിലുക്ക
നോക്റ്റിലുക്ക എന്ന ചുവപ്പ് സൂക്ഷ്മപോളകളുടെ (മൈക്രോ ആൽഗ) വ്യാപനമാണ് സമുദ്രജലം ചുവക്കാൻ കാരണം. ആൽഗൽ ബ്ലൂമുകൾ എന്നും ഇതറിയപ്പെടുന്നു. കാലവർഷം ശക്തമായതിനാൽ സമുദ്രത്തിലേക്ക് തീരജലപ്രവാഹം കൂടുതലായിരുന്നു.കടൽജലത്തിൽ ലവണാംശം കൂടാനും പോളകൾ വ്യാപിക്കാനും ഇതിടയാക്കി. റെഡ്ടൈഡിൽ ഓക്സിജൻ കുറയുന്നതിനാൽ ഈ ഭാഗത്തേക്ക് മീനുകൾ എത്താൻ മടിക്കും.കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും ഉയർന്ന താപനിലയുമാണ് ഈ പ്രതിഭാസത്തിന്റെ മറ്റ് കാരണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |