50% പകരച്ചുങ്കം നാളെ മുതല്‍
കൊച്ചി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ നാളെ പ്രാബല്യത്തിലാകും. പകരച്ചുങ്കമായി 25 ശതമാനം ഈടാക്കുന്നതിന് പുറമെയാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴത്തീരുവ ഈടാക്കുന്നത്. ഇതോടെ രാജ്യത്തെ കയറ്റുമതി രംഗം കടുത്ത അനിശ്ചിതത്വത്തിലാണ്. സ്വര്‍ണ, വജ്രാഭരണങ്ങള്‍, തുണിത്തരങ്ങള്‍ മുതല്‍ സമുദ്രോത്പന്നങ്ങള്‍ക്ക് വരെ തീരുമാനം പ്രതികൂലമായി ബാധിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്ക് പ്രതിവര്‍ഷം 8,700 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അയക്കുന്നത്. നിലവില്‍ അമേരിക്ക 25 ശതമാനം തീരുവയാണ് ഈടാക്കുന്നത്. 50 ശതമാനം തീരുവ വരുന്നതാേടെ പ്രധാന എതിരാളികളായ വിയറ്റ്‌നാം, ബംഗ്‌ളാദേശ്, മെക്സികോ എന്നിവയോട് മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. പുതിയ സാഹചര്യത്തില്‍ കയറ്റുമതിയില്‍ 50 ശതമാനത്തിലധികം ഇടിവുണ്ടായേക്കും. ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) 0.2 ശതമാനം മുതല്‍ 0.5 ശതമാനം വരെ കുറവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടി നേരിടുന്ന മേഖലകള്‍
വാഹനങ്ങള്‍, വാഹന ഘടക ഭാഗങ്ങള്‍, സ്റ്റീല്‍, അലുമിനിയം, സോളാര്‍ മൊഡ്യൂളുകള്‍, സമുദ്രോത്പന്നങ്ങള്‍, ജെം ആന്‍ഡ് ജുവലറി, കാര്‍ഷിക ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ തിരിച്ചടി നേരിട്ടേക്കും
ആശ്വാസം
ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് പിഴത്തീരുവയില്ല
ഇടപെടാന്‍ റിസര്‍വ് ബാങ്ക്
അമേരിക്ക 50 ശതമാനം തീരുവ നടപ്പാകുമ്പോള്‍ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചേക്കും. അടുത്ത ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സൂചന നല്‍കി.
ജി.എസ്.ടി ഇളവ് ഉടന്‍ നടപ്പാക്കും
കയറ്റുമതിയിലെ തിരിച്ചടി നേരിടാന്‍ ആഭ്യന്തര ഉപഭോഗം ഉയര്‍ത്താന്‍ ജി.എസ്.ടി പരിഷ്‌കരണം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 12%, 28% സ്‌ളാബുകള്‍ ഒഴിവാക്കി 5%, 18% നിരക്കുകളായി നികുതി ഏകീകരിക്കാനുള്ള തീരുമാനം വിപണിയില്‍ ഉപഭോഗ ഉണര്‍വ് ശക്തമാക്കുമെന്ന് വിലയിരുത്തുന്നു. സെപ്തംബര്‍ മൂന്ന് മുതല്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനത്തിന് പച്ചക്കൊടി നല്‍കിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |