മട്ടന്നൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: പെറ്റുപെരുകുന്ന കാട്ടുപന്നികളുടെ സ്വൈര്യവിഹാരത്തിൽ നിലതെറ്റി ജനജീവിതം. കണ്ണൂർ,കാസർകോട് ജില്ലകളുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയെ ഭയന്നാണ് ഇപ്പോൾ ആളുകളുടെ നടപ്പ്. വൻതോതിലുള്ള കൃഷിനാശത്തിന് പുറമെയാണ് ആളുകളെ ഇവ ആക്രമിക്കുന്നത്.
പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് പലർക്കും ജീവൻ തിരിച്ചു കിട്ടുന്നത് . കഴിഞ്ഞ ദിവസമാണ് മട്ടന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കാലിന് സാരമായി പരിക്കേറ്റ് ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 15ന് ചൊക്ളിയിൽ വച്ച് പുനത്തിൽ ഹൗസിൽ ലിജേഷിനെ കാട്ടുപന്നിയുടെ കുത്തേറ്റ് പുഴയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ നിലയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വലതുകാലിന്റെ എല്ലുകൾ പൊട്ടിയ ലിജേഷിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുഴയോരത്ത്.മീൻപിടിക്കുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം.
കഴിഞ്ഞ മാസം 11 ആണ് ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ മാവുംതട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 65 കാരി കല്ല്യാണിക്ക് ഗുരുതര പരുക്കേറ്റിരുന്നു.തൊഴിലുറപ്പ് തൊഴിലാളിയായ കല്യാണി പണി കഴിഞ്ഞ് വൈകിട്ട് അഞ്ചോടെ മുറ്റത്ത് തുണി അലക്കുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. റോഡിലൂടെ ഓടിയ കാട്ടുപന്നി ആൾക്കൂട്ടത്തെ കണ്ട് വിരണ്ട് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ അനാമിക തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകനായ എഴുപതുകാരൻ കൊല്ലപ്പെട്ടത്.രാവിലെ സ്വന്തം കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു.
പദ്ധതികൾ ഫലം കാണുന്നില്ല
വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങുന്നത് തടയുന്നതിന് സോളാർ ഫെൻസിംഗ് നിർമ്മാണം,സോളാർ ഫെൻസിംഗ് അറ്റകുറ്റപണി,സൗരോർജ്ജ തൂക്കുവേലി,ട്രഞ്ച് നിർമ്മാണം,വന്യമൃഗ പ്രതിരോധ മതിൽ,ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ്,കളം,ചെക്ക് ഡാം മുതലായവ നിർമ്മിക്കുന്നതിനും ജനവാസ മേഖലയിലിറങ്ങുന്ന വന്യ മൃഗങ്ങളെ തിരകെ കാട്ടിലേക്ക് വിടുന്നതിന് വാച്ചർമാരെ നിയോഗിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമെല്ലാമായി 7576.92 ലക്ഷം അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്ത് ചിലവഴിച്ചതായാണ് വനം-വന്യ ജീവി വകുപ്പിന്റെ കണക്ക്.എന്നാൽ ഈ പദ്ധതികളൊന്നും കാര്യമായ ഫലപ്രാപ്തിയിലെത്തുന്നില്ല.ഇത്തരത്തിൽ ആറളത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനം വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷൻ ഗജമുക്തിയിലൂടെ തുരത്തിയ ആനകൾ കഴിഞ്ഞ ദിവസമാണ് വീണ്ടുമെത്തി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചത്.
വന്യജീവി ആക്രമണത്തിൽ
കണ്ണൂർ
കൊല്ലപ്പെട്ടവർ- 37 പേർ
നഷ്ടപരിഹാര തുക 73 ലക്ഷം
കാസർകോട്
കൊല്ലപ്പെട്ടവർ 25
നഷ്ടപരിഹാര തുക 84 ലക്ഷം
തീവ്രയത്നപരിപാടിയിൽ പ്രതീക്ഷ
മനുഷ്യവന്യജിവി സംഘർഷം ലഘൂകരിക്കാൻ ഒരുവർഷത്തെ തീവ്രയത്ന പരിപാടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെ പ്രതീക്ഷയോടെയാണ് കർഷകർ കാണുന്നത്. ഈ മാസം 31ന് കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കുകയാണ്.തീവ്രയത്ന പരിപാടിയുടെ നയസമീപന രേഖയുടെ കരട് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷി പുനരുജ്ജീവനവും മനുഷ്യവന്യജീവി സംഘർഷ ലഘൂകരണവും മിഷൻ എന്ന ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെ മുഴുവൻ കാട്ടുപന്നികളെയും പൂർണമായി ഉന്മൂലനംചെയ്യും. ഒരുവർഷം നീണ്ടുനിൽക്കുന്ന ജനകീയപരിപാടിയായിരിക്കും ഇത്. കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈൽഡ് വാർഡനുള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കൽ. യുവജന ക്ലബ്ബുകൾ, കർഷകക്കൂട്ടായ്മകൾ, കർഷകത്തൊഴിലാളികൾ, റബ്ബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പാക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |