തൃശൂർ: നിത്യോപയോഗ സാധനങ്ങൾ മുതൽ ബാങ്കിംഗ് സേവനങ്ങൾവരെ ഒരുക്കി ഇതുവരെ 6,13,66,475 രൂപയ്ക്കുള്ള സാധനങ്ങളുടെ വിൽപ്പന നടത്തി ജില്ലയിലെ കെ-സ്റ്റോറുകൾ സംസ്ഥാനത്ത് മാതൃകയായി. ജൂലായിൽ മാത്രം ജില്ലയിലെ കെ-സ്റ്റോറുകളിൽ 55,81,150 രൂപയുടെ സാധനങ്ങൾ വിൽപ്പന നടത്തി. പഴയ കടമുറികളിൽ നിന്നും പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തി സ്മാർട്ടായ സൗകര്യങ്ങളിലേക്ക് മാറിയിരിക്കുകയാണ് ജില്ലയിലെ 516 റേഷൻ കടകളും. കെ-സ്റ്റോറുകളിലൂടെ അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല, വീടുകളിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളോടൊപ്പം മിൽമയുടെ പാലും ശബരി ഉത്പ്പന്നങ്ങളും എം.എസ്എം.ഇകളുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളും ഗ്യാസും മിനി ബാങ്കിംഗ് സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യം.
2023 മേയ് 14ന് തൃശൂരിലെ 311-ാം നമ്പർ റേഷൻകടയിലാണ് കേരളത്തിലെ ആദ്യത്തെ കെ-സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്‌മെന്റ്, ഗ്യാസ് വിതരണം, മിൽമ ഉത്പ്പന്നങ്ങൾ, സപ്ലൈകോയുടെ ശബരി ബ്രാൻഡ് ഉത്പ്പന്നങ്ങൾ, എം.എസ്എം.ഇ ഉത്പ്പന്നങ്ങൾ എന്നിവ ഇപ്പോൾ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുന്നു.
15 ആദിവാസി ഉന്നതികളിലും
അവശതയനുഭവിക്കുന്നവർക്ക് റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന 'ഒപ്പം' പദ്ധതിയും സഞ്ചരിക്കുന്ന റേഷൻ കടകൾ മുഖേന കെ-സ്റ്റോർ സൗകര്യങ്ങൾ ആദിവാസി ഉന്നതികളിൽ എത്തിക്കുന്ന പദ്ധതിയും ഭക്ഷ്യപൊതുവിതരണ വകുപ്പ് ജില്ലയിൽ ആരംഭിച്ചു. ജില്ലയിൽ 15 ആദിവാസി ഉന്നതികളിലായി 520 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻ കടകളുടെ പ്രയോജനം ഇപ്പോൾ ലഭിക്കുന്നുണ്ട്.
@ഏഴ് താലൂക്കുകളിലുളളത്: 1147 റേഷൻകടകൾ
@കെ-സ്റ്റോറുകളായത്: 516 റേഷൻ കടകൾ.
@ ചാലക്കുടി 61
@ചാവക്കാട് 95
@കൊടുങ്ങല്ലൂർ 45
@കുന്നംകുളം 42
@മുകുന്ദപുരം 67
@തലപ്പിള്ളി 56
@തൃശൂർ 150
അന്ത്യോദയ, അന്നയോജന കാർഡുകൾ: 53,597
മുൻഗണനാ വിഭാഗം കാർഡുകൾ:3,24,456
പൊതുവിഭാഗം സബ്‌സിഡി കാർഡുകൾ : 2,42,735
പൊതുവിഭാഗം കാർഡുകൾ : 2,88,576
പൊതുവിഭാഗം സ്ഥാപനങ്ങളുടെ കാർഡുകൾ: 4,798
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |