കോഴിക്കോട്: താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞ് വീണുണ്ടായ തടസം നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്‌ത ശേഷം ഇന്ന് ഉച്ചയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചത്. പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ റോഡ് തുറന്നുകൊടുക്കുകയുള്ളു.
മണ്ണിടിഞ്ഞതിനെത്തുടർന്ന് ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെയാണ് ചുരം ഒമ്പതാം വളവ് വ്യൂപോയിന്റിന് സമീപം മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്. രാത്രി ഏറെ വൈകിയും തടസം നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ദേശീയപാത 766ൽ പൂർണമായും ഗതാഗതം തടസപ്പെടുകയായിരുന്നു.
താമരശേരി ചുരം ഗതാഗത യോഗ്യമാകുന്നതുവരെ യാത്രക്കാർ മറ്റ് ചുരങ്ങളിലൂടെയുള്ള പാതകൾ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. വയനാട് എത്തേണ്ട വാഹനങ്ങൾ താമരശേരി ചുങ്കത്ത് നിന്ന് തിരിഞ്ഞ് ബാലുശേരി - പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിച്ചുവിട്ടു. അടിവാരത്ത് നിന്നുള്ള വാഹനങ്ങൾ കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് തിരിച്ചുവിടുന്നുണ്ട്. വൈത്തിരി ഭാഗത്ത് നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. കുറ്റ്യാടി വഴിയല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പൊലീസ് അറിയിപ്പ്. അടിവാരത്തും ലക്കിടിയിലും ചുരം സംരക്ഷണ സമിതി പ്രവർത്തകരും വാഹനങ്ങൾ വഴിചിരിച്ച് വിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |