തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ ആലോചന. യുവതികളെ ശല്യപ്പെടുത്തിയെന്ന കുറ്റത്തിനായിരിക്കും കേസെടുക്കുക. രാഹുലിനെതിരെ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. രാഹുലിനെതിരെ ലൈംഗികആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇതുവരെയായിട്ടും ആരും പരാതി നൽകിയിരുന്നില്ല.
ഉന്നത പൊലീസുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിനുശേഷമാണ് കേസെടുക്കുന്നത്. ഏത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഹുലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിലുളള പരാതികൾ വിവിധ സ്ത്രീകൾ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ നിയമോപദേശം തേടിയിരിക്കുകയാണ് ഉയർന്ന പൊലീസുദ്യോഗസ്ഥർ.
രാഹുലിന്റെ പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും ഗൗരവപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് മേധാവി കേസെടുക്കാന്‍ നിർദ്ദേശം നല്‍കിയെന്ന വിവരം പുറത്തുവരുന്നത്. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് രാഹുലിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |