പാലക്കാട്: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്. ഇതാണോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ദേശിച്ച ബോംബ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
കൃഷ്ണകുമാറിനെതിരെ പരാതി നൽകിയത് ബന്ധു തന്നെയാണെന്നാണ് സൂചന. ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ടെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. ഇക്കാര്യം പല നേതാക്കൾക്കും അറിയാമെന്നും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ വിവരമറിയിച്ചതെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി.
പരാതി കിട്ടിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖർ ഇപ്പോൾ ബംഗളൂരുവാണ് ഉള്ളത്. മടങ്ങിയെത്തിയ ശേഷം നടപടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് യുവതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നതിന് ശേഷമാണ് ഈ പരാതി രാജീവ് ചന്ദ്രശേഖറിന് കിട്ടിയത്. പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചും പരാമർശമുണ്ട്. രാഹുലിനെ കൃഷ്ണകുമാർ വിമർശിക്കുന്നുണ്ട്. എന്നാൽ തന്നോട് മോശമായി പെരുമാറിയ ആൾക്ക് അത്തരമൊരു വിമർശനമുന്നയിക്കാൻ എന്താണ് അർഹതയെന്ന് യുവതി ചോദിക്കുന്നുണ്ട്.
അതേസമയം, പരാതിക്ക് പിന്നിൽ സ്വത്ത് തർക്കമാണെന്ന് സി കൃഷ്ണകുമാർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കുറച്ചുനാൾ മുമ്പ് പരാതി നൽകിയിരുന്നു. താൻ തെറ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയ കോടതി 2023ൽ അനുകൂലമായ വിധി പുറപ്പെടുവിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |