തിരുവനന്തപുരം : തൃശൂരിൽ നിലം നികത്തലിനെതിരെ കോടതിയെ സമീപിച്ച വരന്തരപ്പിള്ളി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എൻ. മുകുന്ദന് പിന്തുണയുമായി സി.പി.ഐ നേതൃത്വം. ഇന്നലെ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുകുന്ദന്റെ നിയമ പോരാട്ടത്തിനൊപ്പമാണ് പാർട്ടിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
അയ്യന്തോളിൽ ലുലു ഗ്രൂപ്പ് വാങ്ങിയ സ്ഥലം നെൽവയൽ സംരക്ഷണ പരിധിയിൽ വരുന്നതാണെന്നും നികത്തി കെട്ടിടം പണിയാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് മുകുന്ദൻ കോടതിയെ സമീപിച്ചത്. ഒരു പാർട്ടി തന്റെ വ്യവസായത്തിനു എതിരു നിൽക്കുന്നുവെന്നു എം.എ.യൂസഫലി പരസ്യമായി ഒരു ചടങ്ങിൽ പറഞ്ഞിരുന്നു.പിന്നാലെ, താനാണു പരാതി നൽകിയതെന്നും പാർട്ടിയുമായി ഇതിന് ബന്ധമില്ലെന്നും മുകുന്ദൻ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ മുകുന്ദനെ പിന്തുണയ്ക്കാൻ സി.പി. ഐ നേതൃത്വം തയാറായിരുന്നില്ല.
ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിലിൽ വിഷയം തൃശൂരിൽ നിന്നുള്ള നേതാക്കൾ ഉന്നയിച്ചു. മുകുന്ദന്റെ നിലപാട് ശരിയാണെന്നു രേഖകൾ ചൂണ്ടിക്കാട്ടി നേതാക്കൾ സമർത്ഥിച്ചു. ഇതോടെയാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രവർത്തന റിപ്പോർട്ടുകളുടെ ചർച്ചയ്ക്കായി വിളിച്ച കൗൺസിൽ യോഗം ഇന്നുകൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |