തിരുവനന്തപുരം : ഒരുപതിറ്റാണ്ടോളമായി കേരള രഞ്ജി ട്രോഫി ടീമിന്റെ അഭിവാജ്യഘടകമായിരുന്ന മദ്ധ്യപ്രദേശിന്റെ ആള്‍റൗണ്ടര്‍ ജലജ് സക്‌സേന അടുത്ത സീസണില്‍ കേരളത്തിനായി കളിക്കാനുണ്ടാവില്ല. വ്യക്തപരമായ കാരണങ്ങളാല്‍ പിന്മാറുന്നുവെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനെ ജലജ് അറിയിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാനാണ് ഈ തീരുമാനമെന്ന് ജലജ് അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്.കുമാര്‍ പറഞ്ഞു.
എന്നാല്‍ അടുത്ത സീസണില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി ജലജ് കളിക്കുമെന്നാണ് താരവുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കെ.സി.എയില്‍ നിന്ന് ജലജ് എന്‍.ഒ.സി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.ഇപ്പോള്‍ കെ.സി.എല്‌ളില്‍ ആലപ്പി റിപ്പിള്‍സിനായി കളിക്കുന്ന ജലജ് അതുകഴിഞ്ഞ് മടങ്ങും.
2016ല്‍ കേരള ടീമില്‍ അതിഥിതാരമായെത്തിയ ജലജ് 58 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും പത്ത് അര്‍ദ്ധ സെഞ്ച്വറികളുമടക്കം 2252 റണ്‍സും 269 വിക്കറ്റുകളും നേടി.23 തവണ അഞ്ചുവിക്കറ്റ് നേട്ടം. 11 വര്‍ഷം മദ്ധ്യപ്രദേശിനായും കളിച്ച ഈ സ്പിന്‍ ആള്‍റൗണ്ടര്‍ ആകെ 150 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങളില്‍ നിന്ന് 14സെഞ്ച്വറികളും 54 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പടെ 7060 റണ്‍സും 484 വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജി റണ്ണേഴ്‌സ് അപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ജലജിന് പകരം മദ്ധ്യപ്രദേശില്‍ നിന്നുതന്നെയുള്ള ആള്‍റൗണ്ടര്‍ അങ്കിത് ശര്‍മ്മ കേരളത്തിലെത്തിയേക്കുമെന്നറിയുന്നു. 34കാരനായ അങ്കിത് ഇടംകയ്യന്‍ ബാറ്ററും സ്പിന്നറുമാണ്.2009 മുതല്‍ മദ്ധ്യപ്രദേശിനായി കളിക്കുന്നു.68 ഫസ്റ്റ്ക്‌ളാസ് മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളിലുണ്ടായിരുന്നു.
സര്‍വാതെ പോയി
കഴിഞ്ഞ സീസണില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച ആദിത്യ സര്‍വാതെ ഈ സീസണില്‍ കേരളം വിട്ടു. ഛത്തിസ്ഗഡിനായാണ് സര്‍വാതെ ഇനി കളിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |