ശ്രീനഗർ: ജമ്മുവിൽ രണ്ട് ദിവസമായി തുടരുന്ന മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. മരണസംഖ്യ 36 ആയി ഉയർന്നു. വൈഷ്ണോദേവി തീർത്ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലാണ് കൂടുതൽ മരണം. നിരവധി പേരെ കാണാതായി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 380 മില്ലിമീറ്റർ മഴ പെയ്തു. 1910ന് ശേഷം സംസ്ഥാനത്ത് പെയ്ത ഏറ്റവും ഉയർന്ന മഴയാണിത്.
ചൊവ്വാഴ്ച വൈകിട്ടാണ് കത്രയിൽ നിന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ പാതയുടെ പകുതി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. നിലവിൽ തീർത്ഥാടനം നിറുത്തിവച്ചിരിക്കുകയാണ്. പീർഖോ, നിക്കി താവി പോലുള്ള പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. താവി നദിക്ക് കുറുകെയുള്ള നാലാമത്തെ പാലം തകർന്നു. ചെനാബ് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ശ്രീനഗറിലും അനന്ത്‌നാഗിലും ഝലം നദി കരകവിഞ്ഞൊഴുകി. കിഷ്ത്വാറിലെ വെള്ളപ്പൊക്കത്തിൽ മാർഗിയിലെ ഒരു പാലവും 10 വീടുകളും ഒലിച്ചു പോയി. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ജമ്മു-ശ്രീനഗർ ഹൈവേ അടച്ചിട്ടു.
സൈന്യവും ദേശീയ,സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേർന്ന് താണ പ്രദേശങ്ങളിൽ നിന്ന് 5,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജമ്മുവിലേയും കാശ്മീരിലേയും സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ,പരിശീലന സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. തടസപ്പെട്ട മൊബൈൽ ഫോൺ,ഇന്റർനെറ്റ് സംവിധാനങ്ങളും ജമ്മു-പത്താൻകോട്ട് റൂട്ടിലെ ട്രെയിൻ ഗതാഗതവും പുനഃസ്ഥാപിച്ചു.
അതിനിടെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുരിന്തബാധിത സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചിലിൽ മരിച്ച തീർത്ഥാകരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ലഡാക്കിൽ
മഞ്ഞ് വീഴ്ച
ജമ്മു കാശ്മീർ പ്രളയത്തിൽ വലയുമ്പോൾ, ലഡാക്കിൽ ഏകദേശം 70 മണിക്കൂർ നീണ്ട തുടർച്ചയായ മഴയും മഞ്ഞുവീഴ‌്ചയും. ലഡാക്കിൽ ഇത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
വടക്കെ ഇന്ത്യയിൽ 2013ന്
ശേഷമുള്ള ശക്തമായ മഴ
കേദാർനാഥ് മഹാപ്രളയത്തിന് കാരണമായ 2013ന് ശേഷമുള്ള ഏറ്റവും ശക്തമായ വർഷകാലമാണ് വടക്കെ ഇന്ത്യയിൽ ഇക്കൊല്ലം അനുഭവപ്പെടുന്നത്. ആഗസ്റ്റ് 25 വരെ രേഖപ്പെടുത്തിയത് 21% കൂടുതൽ മഴ. 2013 ആഗസ്റ്റിൽ 254 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ഈ ആഗസ്റ്റ് 25 വരെ ലഭിച്ചത് 209 മില്ലി മീറ്റർ മഴ. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഉത്തരേന്ത്യയിൽ ഇപ്പോൾ വ്യാപക മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |