ന്യൂഡൽഹി: വോട്ടുക്കൊള്ള ആരോപിച്ച് ബീഹാറിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ അധികാർ യാത്രയിൽ' അണിചേർന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഭീകരപ്രവർത്തനത്തേക്കാൾ അപകടകരമെന്ന് സ്റ്റാലിൻ പറഞ്ഞു. 65 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകളെ ബി.ജെ.പി പരിഹാസ്യമാക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ അവരുടെ കൈയിലെ പാവയായി മാറ്രിയിരിക്കുന്നു. വോട്ടു മോഷ്‌ടിക്കുന്നവരെ ബീഹാറിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും. ജനങ്ങളുടെ കണ്ണിൽ തീയുണ്ട്. ജനാധിപത്യം സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധിയും, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കൈകോർത്തിരിക്കുന്നത്. രാഹുലിന്റെ ചോദ്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിക്കുന്നില്ല. സത്യവാങ്മൂലം സമർപ്പിക്കാനാണ് പറയുന്നത്. രാഹുൽ ഭയപ്പെടില്ലെന്നും ഇന്നലെ മുസാഫർപൂരിലെ പൊതുറാലിയിൽ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അതിനിടെ ഇന്നലെ രാവിലെ ദർഭംഗയിൽ നടന്ന ബൈക്ക് റാലിയിൽ രാഹുലിനൊപ്പം കോൺഗ്രസ് നേതാവ് പ്രിയങ്ക ചേർന്നു. രാഹുലിനൊപ്പം പ്രിയങ്ക ബുള്ളറ്റിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഇരുവർക്കും ഒപ്പം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഉണ്ടായിരുന്നു.
ഡി.എം.കെ എം.പി കനിമൊഴി, കനയ്യ കുമാർ, സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു. 'വോട്ടർ അധികാർ യാത്ര' ഇന്ന് 12ാം ദിവസത്തിലേക്ക് കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |