കൊച്ചി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ സി.ബി.ഐ സ്വീകരിച്ച അന്വേഷണമാർഗം കളങ്കിതമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസിൽ തുടരന്വേഷണത്തിനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പുനരന്വേഷണം നടത്തുകയാണ് സി.ബി.ഐ ചെയ്തതെന്ന് ഡിവിഷൻബെഞ്ച് വിമർശിച്ചു.
വിചാരണ ആരംഭിച്ചിരുന്ന തിരുവനന്തപുരം ഫാസ്റ്റ്ട്രാക്ക് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്താണ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അനുബന്ധ കുറ്റപത്രം അവിടെ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെക്കൂടി പ്രതിചേർത്ത സി.ബി.ഐ അധികാരപരിധിക്ക് പുറത്തുള്ള എറണാകുളം സി.ജെ.എം കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഈ രേഖകൾ അക്കാലത്ത് പുതുതായി ആരംഭിച്ച തിരുവനന്തപുരം പ്രത്യേക കോടതിക്ക് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടും 161സാക്ഷികളുടെ മൊഴിയും വിചാരണക്കോടതിയിൽ ആയിരുന്നതിനാൽ രണ്ടിടത്തും നടപടികൾ പ്രതിസന്ധിയിലായി. നേരത്തേ എടുത്ത മൊഴികളും മറ്റും റദ്ദാക്കി പുതിയ വിചാരണയ്‌ക്ക് നിയമനടപടികൾ സ്വീകരിക്കുകയാണ് സി.ബി.ഐ ചെയ്തത്. ദൃക്‌സാക്ഷിയായ സുരേഷ്‌കുമാറടക്കം പ്രധാന സാക്ഷികളെയെല്ലാം സി.ബി.ഐ പ്രതിചേർത്തു. പിന്നീട് മാപ്പുസാക്ഷികളാക്കി. ഇതിനായും അധികാര പരിധിക്ക് പുറത്തുള്ള കോടതിയെയാണ് സമീപിച്ചത്. തങ്ങളുടെ തിരക്കഥയ്‌ക്കനുസരിച്ച് കേസ് കൊണ്ടുപോകാനുള്ള സമ്മർദ്ദമാണ് അന്വേഷണത്തിലുടനീളം സി.ബി.ഐ സ്വീകരിച്ചത്. സി.ബി.ഐ പറയുന്നതെല്ലാം ഏറ്റുപറയാമെന്ന വ്യവസ്ഥയിൽ പൊലീസുകാരായ ചില സാക്ഷികളെ 'തോക്കിൻമുന"യിൽ നിറുത്തിയെന്നും ഹൈക്കോടതി വിമർശിച്ചു.
സാദ്ധ്യതകളും സംശയങ്ങളും അടിസ്ഥാനമാക്കി ശിക്ഷിക്കാനാകില്ല. അങ്ങേയറ്റം ക്രൂരമായ കുറ്റകൃത്യങ്ങൾ സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കാൻ ശക്തമായ തെളിവുകൾ നൽകാനുള്ള ബാദ്ധ്യത പ്രോസിക്യൂഷനുണ്ട്.
മാപ്പുസാക്ഷികളാക്കിയവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. നീതിപൂർവകമായ വിചാരണയ്‌ക്ക് പ്രതികൾക്കുള്ള അവകാശം ഹനിക്കപ്പെട്ടെന്ന് വിലയിരുത്തിയാണ് കോടതി എല്ലാവരെയും വെറുതേവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |